രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏകസിവില്‍ കോഡ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. രാജ്യം ഒന്നാണെന്നും എല്ലാവർക്കും ഒരു നിയമം മതിയെന്നും മന്ത്രി പറഞ്ഞു. ഗിരിരാജ് സിങ്ങിന്‍റെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.
ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയിലെ ഒരു പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.