ഉറവിടം തേടി പൊലീസ്, ചില സ്ത്രീകൾ നിരീക്ഷണത്തിൽ; പണം ഇറക്കാനും ആളുകൾ, കാസർകോട് ജില്ലയിൽ ഒരു മാസത്തിനുള്ളിൽ വൻ ലഹരി വേട്ട

0
329

കാസർകോട്∙ അപകടകരമായ ലഹരി മരുന്ന് എംഡിഎംഎ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലേക്കായി എത്തുന്നത് ബെംഗളൂരുവിൽ നിന്നെന്നു പൊലീസ്. നൈജീരിയൻ സ്വദേശികൾ അടങ്ങുന്ന സംഘമാണ് കെമിക്കൽ ലബോറട്ടറിയിൽ വച്ച് ലഹരി വസ്തുവായ എംഡിഎംഎ തയാറാക്കി വിൽപനക്കാർക്കായി നൽകുന്നത്. ഇതിനായി ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി ലബോറട്ടറികൾ പ്രവർത്തിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ‌് വൻ തോതിൽ ലഹരിമരുന്നു ജില്ലയിലേക്കുൾപ്പെടെ എത്തുന്നത്.

ഒരു മാസത്തിനുള്ളിൽ വൻ ലഹരി വേട്ട

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 300 ഗ്രാം എംഡിഎംഎയും 63.18 കിലോഗ്രാം കഞ്ചാവും. ഇതിൽ എൺപതോളം കേസുകളിലായി 110 പ്രതികളെ അറസ്റ്റ് ചെയ്തു. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ട്രെയിനിലുമായി ഏജന്റുമാർ ബെംഗളൂരുവിലെത്തിയാണ‌് ലഹരി മരുന്നു വാങ്ങുന്നത്. ലഹരിമരുന്നു വിൽപന സംഘത്തിൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും സ്ത്രീകളും ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചില സ്ത്രീകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിൽ മാത്രമായി പത്തിലേറെ മൊത്ത വിതരണക്കാരാണുള്ളത്. ഇവരാണു ചെറുകിട വിൽപനക്കാർക്കു മരുന്നു നൽകുന്നത്. മരുന്നു നൽകുമ്പോൾ തന്നെ പണം തിരിച്ചു നൽകണം. ഗ്രാമിന് 1000 രൂപയ്ക്കാണ് എംഡിഎംഎ ലബോട്ടറികളിൽ നിന്നു വൻകിട ഏജന്റുമാർക്കു നൽകുന്നത്. ഇവർ ചെറുകിട കച്ചവടക്കാർക്കായി നൽകുന്നത് 3000 മുതൽ 4000 രൂപയ്ക്കാണ്. ഇത് ആവശ്യക്കാരുടെ കയ്യിൽ എത്തുമ്പോൾ 500 മുതൽ 1000 രൂപ വരെ അധികം വാങ്ങും.

പണം എളുപ്പത്തിൽ, ഒപ്പം ലഹരിയും

എളുപ്പത്തിൽ പണം സമ്പാദിക്കാൻ പറ്റുന്ന മേഖലയാണെന്നു തിരിച്ചറി‍ഞ്ഞ് ഒട്ടേറെ യുവാക്കളാണു ജില്ലയിൽ എംഡിഎംഎ വിതരണം തൊഴിലായി സ്വീകരിച്ചിട്ടുള്ളത്. ഉപ്പള, വിദ്യാനഗർ, കാസർകോട്, പള്ളിക്കര, വെള്ളരിക്കുണ്ട്, മുന്നാട്, നീലേശ്വരം, പടന്നക്കാട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവർത്തനം. ചെറുകിട കച്ചവടക്കാർക്കായി മൊത്ത ഏജന്റുമാരുടെ സഹായികൾ നിശ്ചിത സ്ഥലത്തേക്കു ആവശ്യമായ ലഹരിമരുന്ന് എത്തിക്കും. ഇത് വിൽപനക്കാർ അവരുടെ ആവശ്യത്തിനനുസരിച്ച് ചെറിയ പാക്കറ്റുകളിലാക്കി നൽകും. സാധനം നൽകുമ്പോൾ തന്നെ പണം കിട്ടും. അതിനാൽ ഒരു ദിവസത്തിനുള്ളിൽ ആയിരക്കണക്കിനു രൂപയാണ് ഇതു വഴി സമ്പാദിക്കുന്നത്.

പണം ഇറക്കാനും ആളുകൾ

കോവിഡിനെ തുടർന്നു ഗൾഫിൽ നിന്നു തിരിച്ചെത്തിയവരിൽ പലരും ‘ലഹരി മരുന്നു ബിസിനസ്സിനായി’ ചെറുകിട ഏജന്റുമാർക്ക് പണം കടമായി നൽകുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 5 ലക്ഷം രൂപയാണ് നിശ്ചിത ദിവസത്തേക്കു കടമായി നൽകുന്നത്. ഇതിനു പകരമായി പലിശ അടക്കം 6 ലക്ഷത്തോളം രൂപ തിരിച്ചു നൽകണം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പൊലീസ് പിടികൂടിയ വിൽപനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് നിരീക്ഷിക്കുകയാണു. പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഉറവിടം തേടി പൊലീസ്

ലഹരിമരുന്നു വിൽപനക്കാരെ പിടികൂടാൻ പ്രയാസപ്പെടുന്ന പൊലീസ് അതുപയോഗിക്കുന്നവരെ കണ്ടെത്തി ഉറവിടം കണ്ടെത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വിദ്യാനഗറിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം‍ഡിഎംഎ ഉപയോഗിക്കുന്നവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തനിക്ക് ലഹരി വസ്തു എത്തിച്ചയാളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണു നാലാം മൈൽ റഹ്മത്ത് നഗറിലെ അബ്ദുൽ മുനവ്വർ (മുന്ന 24)യെ സിഐ വി.വി.മനോജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രാത്രികളിൽ അസമയത്തും വിവിധ കേന്ദ്രങ്ങളി‍ൽ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here