ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ ക്വാറന്റൈൻ ഒഴിവാക്കി. വാക്‌സിനെടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഇനി ക്വാറന്റൈൻ വേണ്ട. സന്ദർശക വിസയിലെത്തുന്നവർക്ക് ഒരു ദിവസത്തെ ക്വാറന്റൈൻ വേണം. കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെയാണ് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം യാത്രാ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിൻ എടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഫെബ്രുവരി 28 വൈകിട്ട് 7 മണി മുതൽ ക്വാറന്റൈൻ ഇല്ല, നേരത്തെ രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു.
നാട്ടിൽ നിന്നും പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് റിസൾട്ട് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ആന്റിജൻ പരിശോധന നടത്തണം. വാക്‌സിനേഷൻ പൂർത്തിയായി 14 ദിവസം മുതൽ ഒമ്പത് മാസം വരെയാണ് ഈ ഇളവുകൾക്ക് യോഗ്യത. കോവിഡ് വന്ന് ഭേദമായി ഒമ്പത് മാസം കഴിയാത്തവർക്കും വാക്‌സിനെടുത്തവർക്കുള്ള ഇളവുകളെല്ലാം ലഭിക്കും. സന്ദർശക വിസയിലെത്തുന്നവർക്ക് ഒരുദിവസമാണ് ക്വാറന്റൈൻ. പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. കോവിഡ് തോത് അനുസരിച്ചുള്ള രാജ്യങ്ങളുടെ തരംതിരിവിലും പരിഷ്‌കാരമുണ്ട്. രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്‌സപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെ തരം തിരിക്കുന്നത് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ‘റെഡ് ഹെൽത് മെഷ്വേർസ്’ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രീൻ, റെഡ് ലിസ്റ്റുകൾ ഒഴിവാക്കി. പകരം ‘സ്റ്റാൻഡേർഡ് ഹെൽത്ത് മെഷ്വേർസ്’ ആയി ഇവ ലിസ്റ്റ്‌ചെയ്തു. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ സ്റ്റാൻഡേർഡ് ഹെൽത്ത് മെഷ്വേർസ് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്കും ക്വാറന്റൈൻ വേണ്ട. ഈ രാജ്യങ്ങളിലെ വാക്‌സിനെടുക്കാത്ത യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.