രാജ്യത്തെ ഹിന്ദുഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സമീപനത്തിൽ പുതിയ നയംമാറ്റവുമായി ആർ.എസ്.എസ്. മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയെല്ലാം ഇനിമുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ല. പകരം പുതിയ ഹിന്ദുനാമം നൽകാനാണ് തീരുമാനം. ഇനിമുതൽ രാജ്യത്തെ പൗരന്മാരെ നാലു ഹിന്ദുവിഭാഗങ്ങളിൽ ചേർത്തായിരിക്കും ആർ.എസ്.എസ് പരിഗണിക്കുക. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെ നാല് വിഭാഗമായാണ് ഇന്ത്യക്കാരെ സംഘം തരംതിരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിയുന്നവരെല്ലാം ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടും.
സംഘടനാ ഭാരവാഹികളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭഗവത് പുതിയ പ്രഖ്യാപനം നടത്തിയത്. മറ്റു മതവിഭാഗങ്ങളെ അഹിന്ദുക്കൾ എന്ന രീതിയിൽ അഭിസംബോധന ചെയ്യുന്നത് സംഘടനയുടെ ഹിന്ദുമത സങ്കൽപങ്ങളിൽനിന്ന് അവർക്ക് അകൽച്ചയുണ്ടാക്കാനിടയാക്കുമെന്നാണ് പുതിയ തീരുമാനത്തിന് ന്യായമായി മോഹൻ ഭഗവത് അറിയിച്ചിരിക്കുന്നത്. ഇത് രാജ്യത്തിനും അപകടമായിരിക്കും സൃഷ്ടിക്കുകയെന്നും ആർ.എസ്.എസ് തലവൻ ചൂണ്ടിക്കാട്ടിയതായി സംഘടനാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.
എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ
ആർ.എസ്.എസ് മുൻപുതന്നെ എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളായാണ് ഗണിച്ചുവരുന്നതെന്ന് ഒരു മുതിർന്ന സംഘ്പരിവാർ ഭാരവാഹി പ്രിന്റിനോട് പ്രതികരിച്ചു. ഹിന്ദു ആകുന്നതുകൊണ്ട് അതൊരു മതപരമായ സ്വത്വമാണെന്ന് അർത്ഥമാക്കുന്നില്ല. അത് ഒരു ജീവിതരീതിയുമായി ബന്ധപ്പെട്ട പ്രയോഗമാണ്. എല്ലാ ഇന്ത്യക്കാരനും എപ്പോഴും സാംസ്‌കാരികമായി ഹിന്ദുവാണെന്നാണ് സംഘ്പരിവാർ വിശ്വസിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഇസ്‍ലാം, പടിഞ്ഞാറൻ അധിനിവേശമുണ്ടായ ശേഷമാണ് ചിലർ ഇസ്‍ലാമിലേക്കും മറ്റു ചിലർ ക്രിസ്തുമതത്തിലേക്കുമെല്ലാം മാറിയതെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു. ആരാധനാരീതി വ്യത്യസ്തമാകാം. എന്നാൽ, എല്ലാ ഭാരതീയന്റെയും ജീവിതരീതി ഹിന്ദൂയിസമാണ്. അതുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരനും ദേശീയസ്വത്വപ്രകാരം ഹിന്ദുവാണെന്ന് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘടനയുടെ പേരിലുള്ള വർഗീയമുദ്ര ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് ആർ.എസ്.എസ് എന്ന് മറ്റൊരു നേതാവ് പ്രിന്റിനോട് പറഞ്ഞു. സംഘ്പരിവാറിനെ വർഗീയസംഘടനയാണെന്ന് വിളിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ചില വിഭാഗീയശക്തികളുണ്ട്. എന്നാൽ, ഞങ്ങളുടെ മുസ്‌ലിം, ക്രിസ്ത്യൻ സഹോദരങ്ങളെ കൂടുതൽ ഒറ്റപ്പെടുത്താനും അന്യഥാബോധത്തിലേക്ക് തള്ളിയിടാനും ആർ.എസ്.എസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.