ഉഡുപ്പിയില്‍ പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തിയ പെണ്‍കുട്ടിയുമായി ദേശീയമാധ്യമമായ എന്‍ഡി ടിവി നടത്തിയ അഭിമുഖം പങ്കുവച്ച് കെടി ജലീല്‍. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയ ഏഴു കാര്യങ്ങള്‍ അഭിമുഖത്തിലുണ്ടെന്ന് ജലീല്‍ വ്യക്തമാക്കി.
പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തുകയും ക്ലാസില്‍ കയറുന്നതിന് മുമ്പ് അത് ഊരി കോളേജിലെ ഡ്രസ് കോഡ് സ്വീകരിക്കുകയുമാണ് പതിവെന്ന് അഭിമുഖത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. മാത്രമല്ല, കോളേജില്‍ പ്രശ്‌നമുണ്ടാക്കിയത് പുറത്ത് നിന്ന് വന്ന സാമൂഹ്യവിരുദ്ധരാണെന്നും കോളേജില്‍ നിന്നുള്ള വളരെ കുറച്ച് പേരേ അവര്‍ക്കൊപ്പം ഉണ്ടായിരുന്നുള്ളൂയെന്നും വിദ്യാര്‍ഥിനി അഭിമുഖത്തില്‍ പറയുന്നുണ്ടെന്ന് ജലീല്‍ വ്യക്തമാക്കി.
കെടി ജലീല്‍ പറഞ്ഞത്: സഹപാഠികളുടെ നിലപാടിന് ബിഗ് സല്യൂട്ട്. ഉഡുപ്പിയില്‍ പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തിയ പെണ്‍കുട്ടിയുമായി NDTV നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ കൊടുക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ അതിലുണ്ട്.
1) ഓവര്‍ കോട്ടായി പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തുകയും ക്ലാസ്സില്‍ കയറുന്നതിന് മുമ്പ് അത് ഊരി വെച്ച് കോളേജിലെ ഡ്രസ്സ് കോഡ് സ്വീകരിക്കുകയുമാണ് പതിവ്.
2) ഇത് പല കുട്ടികളും കാലങ്ങളായി ആ സ്ഥാപനത്തിലും മറ്റു പല സ്ഥാപനങ്ങളിലും പിന്തുടരുന്ന രീതിയാണ്.
3) പോലീസും അധികാരികളും പ്രിന്‍സിപ്പലും അദ്ധ്യാപകരും തനിക്ക് സര്‍വ്വ പിന്തുണയും നല്‍കി.
4) തന്റെ ഹിന്ദു സുഹൃത്തുക്കളായ സഹപാഠികള്‍ കട്ടക്ക് കൂടെ നിന്നു.
5) പ്രശ്‌നമുണ്ടാക്കിയത് പുറത്ത് നിന്ന് വന്ന സാമൂഹ്യ വിരുദ്ധരാണ്. അക്കൂട്ടത്തില്‍ കോളേജില്‍ നിന്നുള്ള വളരെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ.
6) വിശ്വാസം ഉയര്‍ത്തി എന്നെ എതിര്‍ക്കാന്‍ വന്നപ്പോള്‍ വിശ്വാസം കൊണ്ട് തന്നെ ഞാനതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.
7) ആ കുട്ടി ധരിച്ചിരിക്കുന്നത് മുഖം മൂടിയല്ല. എല്ലാവരും ധരിക്കുന്ന മാസ്‌കാണ്. അതിന്റെ നിറം കറുത്തതാണ് എന്ന് മാത്രം.
ഏത് വര്‍ഗ്ഗീയ വാദികള്‍ നാട് വാണാലും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ നിന്ന് മതേതര മൂല്യങ്ങളെ പറിച്ച് കളയാന്‍ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യക്കാരായതില്‍ നമുക്കഭിമാനിക്കാം.