ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി. പെണ്‍കുട്ടികളുടെ പേരും വയസും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങളാണ് ബി.ജെ.പി കര്‍ണാടക ഘടകം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
കന്നഡയിലും ഇംഗ്ലീഷിലും ബി.ജെ.പി ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
‘ഹിജാബ് വിഷയത്തില്‍ ഉള്‍പ്പെട്ട അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരാണ്. രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും ലജ്ജ തോന്നുന്നില്ലേ?
തെരഞ്ഞെടുപ്പില്‍ ജയിക്കാനായി അവര്‍ ഇനി എന്തൊക്കെ ചെയ്യും? ഇതിനെയാണോ @priyankagandhi നിങ്ങള്‍ ‘ലഡ്കി ഹൂം ലഡ് സക്തി ഹൂന്‍’ എന്ന് പറയുന്നത്,’ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ബി.ജെ.പി നേതൃത്വം പരസ്യപ്പെടുത്തിയത്.
ബി.ജെ.പിയുടെ ഈ നടപടിക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
‘പ്രതിപക്ഷത്തുള്ളവരെ ആക്രമിക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പോലും ഉപയോഗിക്കാന്‍ @BJP4Karnataka നിങ്ങള്‍ക്ക് നാണമില്ലേ. ഇത് എത്രത്തോളും മോശവും ദയനീയവും അപകടരകരവുമാണെന്ന ബോധമുണ്ടോ? @DgpKarnatakaയോടും @TwitterIndiaയോടും ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്,’ ചതുര്‍വേദി ട്വീറ്റ് ചെയ്തു.
I demand @ncpcr also to take this up immediately. This is a criminal act to share names and addresses of minors. This is unacceptable https://t.co/Vj0NRcWvFb
— Priyanka Chaturvedi🇮🇳 (@priyankac19) February 15, 2022
ദേശീയ ബാലാവകാശ കമ്മീഷന്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചതുര്‍വേദി ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ പങ്കുവെക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ച് ബുധനാഴ്ചയും കേസിന്റെ വാദം കേള്‍ക്കും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഹിജാബും കാവി ഷാളും കോളേജിലേക്കോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ധരിക്കരുതെന്നാണ് കോടതി ഉത്തരവ്.