കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് നിരോധനമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിന് എതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. വിവധ സംഘടനകളും രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉഡുപ്പി കുന്ദാപൂരിലെ സര്‍ക്കാര്‍ ജൂനിയര്‍ പി.യു കോളജിലെ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രതിഷെധത്തെ തുടര്‍ന്ന് ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇവരെ പഠിപ്പിക്കാതെ അവരെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരുത്തുകയായിരുന്നു. ഇത് വിവാദമായി മാറിയിരുന്നു. ഗേറ്റിന് പുറത്ത് തിരക്ക് ഒഴിവാക്കാനാണ് പ്രവേശിപ്പിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ജനുവരിയിലാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകള്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പോകുന്നതിനെ എതിര്‍ത്തു. പിന്നാലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു.