ജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിസൾട്ടാണ് വേണ്ടത്. എട്ട് വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ രാജ്യത്തിന് പുറത്ത് പോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്.
16 ന് താഴെ പ്രായമുള്ളവർക്കും വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനകൾ ഈ മാസം ഒമ്പത് (ബുധനാഴ്ച) പുലർച്ചെ മുതൽ പ്രാബല്യത്തിലാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
എല്ലാവരും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു ആവശ്യപ്പെട്ടു. വാക്സിനേഷൻ മൂന്ന് ഡോസുമെടുത്ത് പൂർത്തീകരിക്കണമെന്നും അത് വേഗത്തിലാക്കണമെന്നും വ്യക്തമാക്കി.