ജയ്‌പൂര്‍: ഐപിഎല്‍ 2022 മെഗാതാരലേലത്തിന്‍റെ (IPL Auction 2022) അവസാന നിമിഷങ്ങളില്‍ താരക്കൊയ്‌ത്ത് നടത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). അവസാന മണിക്കൂറില്‍ സൂപ്പര്‍താരങ്ങളെ റാഞ്ചി എതിരാളികളെ അമ്പരപ്പിക്കുകയായിരുന്നു മലയാളിയായ സഞ്ജു സാംസണ്‍ (Sanju Samson) നായകനും ഇതിഹാസ താരം കുമാര്‍ സംഗക്കാര (Kumar Sangakkara) പരിശീലകനുമായ റോയല്‍സ് ടീം. ലേലത്തിന് പിന്നാലെ പുതിയ താരങ്ങളെ നൃത്തച്ചുവടുകളോടെ ടീമിലേക്ക് സ്വാഗതം ചെയ്‌തിരിക്കുകയാണ് സഞ്ജുവും രാജസ്ഥാനും.
‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്‍റെ എഡിറ്റ് ചെയ്‌ത പതിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്വാഗതഗാനമായി പ്രത്യക്ഷപ്പെട്ടത്. ഷാരൂഖ് ഖാന് പകരം നായകന്‍ സഞ്ജു സാംസണെ മോര്‍ഫ് ചെയ്‌ത് ചേര്‍ത്ത് രാജകീയ വീഡിയോയാണ് ആരാധകര്‍ക്കായി രാജസ്ഥാന്‍ ഒരുക്കിയത്. ടീമിലെ പുതിയ താരങ്ങളായ രവിചന്ദ്ര അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജിമ്മി നീഷാം, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം കോച്ച് കുമാര്‍ സംഗക്കാരയും വീഡിയോയില്‍ ഡാന്‍സറായി പ്രത്യക്ഷപ്പെടുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഗാനം ഇതിനകം വൈറലായിട്ടുണ്ട്.
Wait for Sanga’s entry 😂#RoyalsFamily | #IPL2022 | @yuzi_chahal | @JimmyNeesh | @SHetmyer | @KumarSanga2 | @ashwinravi99 | @IamSanjuSamson pic.twitter.com/PGgSJkmk7R
— Rajasthan Royals (@rajasthanroyals) February 15, 2022
ഐപിഎല്ലില്‍ ആദ്യ സീസണിലെ കിരീടത്തിന് ശേഷം കാര്യമായി ശോഭിക്കാനാവാത്ത രാജസ്ഥാന്‍ റോയല്‍സ് ഇക്കുറി മികച്ച താരങ്ങളെ പാളയത്തിലെത്തിച്ച് പ്രതീക്ഷയിലാണ്.
സഞ്ജു സാംസണ് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. 14 കോടി രൂപ സഞ്ജുവിനായി രാജസ്ഥാന്‍ നീക്കിവച്ചു. സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാല നായകനായാണ് കാണുന്നതെന്ന് സംഗക്കാരതന്നെ വ്യക്തമാക്കിയിരുന്നു. ‘അസാമാന്യ മികവുള്ള കളിക്കാരനാണ് സഞ്ജു. ഓരോ സീസണിലെയും മികച്ച പ്രകടനങ്ങള്‍കൊണ്ട് താന്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നതായും’ സംഗ പറഞ്ഞു.
രവിചന്ദ്രൻ അശ്വിൻ, ട്രെന്‍ഡ് ബോൾട്ട്, ദേവ്ദത്ത് പടിക്കൽ, ഷിമ്രോന്‍ ഹെറ്റ്മെയർ, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി, ഓബദ് മക്കോയ്, അനുനയ് സിങ്, കുൽദിപ് സെൻ, കരുൺ നായർ, ധ്രുവ് ജുറൽ, തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗാർവാൾ, ജിമ്മി നീഷാം, നഥാൻ കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ, ഡാരിൽ മിച്ചൽ, റിയാൻ പരാഗ്, കെ സി കരിയപ്പ എന്നിവരെ താരലേലത്തില്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി. ഇവരില്‍ നീഷാം, ഡാരിൽ മിച്ചൽ, കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവരെ ലേലത്തിന്‍റെ അവസാന നിമിഷങ്ങളില്‍ റാഞ്ചുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.