ഒമാനിൽ സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉത്പന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം ഒമാനിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ കാണിക്കുന്നത് നിർബന്ധമാവുന്നതോടെ ജ്വല്ലറികളും സ്വർണ വ്യാപാര സ്ഥാപനങ്ങളും ഇടപാടുകാരിൽനിന്ന് രേഖകൾ ചോദിക്കേണ്ടി വരും. ഈ നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ സ്വർണ ഇടപാടുകൾ സംബന്ധമായ എല്ലാ വിവരങ്ങളും അധികൃതർക്ക് ലഭിക്കും. അതോടെ റസിഡൻറ് കാർഡുകൾ ഇല്ലാത്തവർക്ക് സ്വർണ ഇടപാടുകൾ നടത്താൻ കഴിയാതെ വരും.