അടൂര്‍: വിവാഹപ്പിറ്റേന്ന് പുലര്‍ച്ചെ ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ ആദ്യ ഭാര്യയുടെ വീട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദീന്‍ റഷീദിനെയാണ് (30) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 30-നായിരുന്നു പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. മതാചാരപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് വരനും വധുവും വധുവിന്റെ വീട്ടിലെത്തി രാത്രി വീട്ടില്‍ കഴിഞ്ഞു. 31-ന് പുലര്‍ച്ചെ മൂന്നിന് സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് അസറുദീന്‍ വധൂഗൃഹത്തില്‍നിന്ന് പോയി. പിന്നീട് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ചോഫായിരുന്നു.
സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 15 പവന്‍ ആഭരണവും 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വധുവിന്റെ പിതാവ് അടൂര്‍ പോലീസില്‍ പരാതി നല്‍കി. വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ അസറുദീന്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായും അവിടെയുണ്ടെന്നും മനസ്സിലായി. അവിടെയെത്തിയായിരുന്നു അറസ്റ്റ്.
അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷ്, എസ്.ഐ. വിമല്‍ രംഗനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ്, അമല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസറുദീന്‍ റഷീദിനെ സ്റ്റേഷനുള്ളില്‍വെച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ഇയാളുടെയും വധുവിന്റെയും ബന്ധുക്കളായ നാല് പേര്‍ക്കെതിരേയും അടൂര്‍ പോലീസ് കേസെടുത്തു.