കുമ്പള: 84 ലക്ഷം മുടക്കുമുതൽ വാങ്ങി പറ്റിച്ചെന്ന കേസ് വ്യാജമെന്ന് പ്രവാസി വ്യവസായി. മൊഗ്രാൽപുത്തൂർ സ്വദേശിയും വിവിധ ഗൾഫ് രാജ്യങ്ങളിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കുടമയുമായ അബ്ദുല്ല ഇബ്രാഹിം അരിയപ്പാടിയാണ് തനിക്കെതിരെ മുസ്ലിംലീഗ് നേതാവ് മൊഗ്രാലിലെ വി.പി. അബ്ദുൽ ഖാദർ നൽകിയ പരാതിക്കെതിരെ രംഗത്തുവന്നത്.
ഇബ്രാഹിം എന്നയാളും മറ്റു മൂന്നു പേരും ചേർന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഓഹരി നൽകാമെന്ന് ധരിപ്പിച്ച് 84 ലക്ഷം രൂപ വാങ്ങി പറ്റിച്ചുവെന്നും അങ്ങനെ ഒരാശുപത്രി ജിദ്ദയിൽ ഇല്ല എന്നുമാണത്രെ പരാതി. എന്നാൽ, ആശുപത്രി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 20 ലക്ഷത്തിൽപരം രൂപ പരാതിക്കാരനിൽ നിന്നും വാങ്ങിയിരുന്നതായും എന്നാൽ കമ്പനിയുമായുണ്ടാക്കിയ കരാർ പ്രകാരം 84 ലക്ഷം അദ്ദേഹം നൽകിയിട്ടില്ലെന്നും ഇബ്രാഹിം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതും ഇന്ത്യയിൽ വെച്ച് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും സൗദിയിൽ വെച്ചായിരുന്നു ഇടപാടെന്നും അദ്ദേഹം അറിയിച്ചു.
ആഫിയ അൽ ഖലീജ് എന്ന പേരിൽ ജിദ്ദയിൽ ആശുപത്രി ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണെന്നും മാർച്ചോടെ പ്രവർത്തനമാരംഭിക്കുമെന്നും ഇബ്രാഹിം പറഞ്ഞു. തനിക്ക് പരാതിക്കാരൻ പണം നൽകിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് ഹാജരാക്കണമെന്നും തന്നൂവെന്ന് അവകാശപ്പെടുന്ന തുകയുടെ നിജസ്ഥിതിയറിയാൻ പരാതിക്കാരനെതിരെ എൻഫോഴ്സ് മൻെറിലും ഇൻകം ടാക്സ് വിഭാഗത്തിലും പരാതി നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.