റഷ്യക്കെതിരെ ഫിഫ; മത്സരങ്ങള്‍ അനുവദിക്കില്ല, റഷ്യയെന്ന പേരില്‍ കളിക്കാനാവില്ല

0
253

സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു.

റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിച്ചു. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുദിക്കില്ലെന്ന് ഫിഫ തീരുമാനിച്ചു. ഹോം മത്സരങ്ങൾ നിക്ഷ്‌പക്ഷ വേദിയിലേക്ക് മാറ്റണം. എങ്കിലും റഷ്യ എന്ന പേരിൽ കളിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാം.

എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല. ഫിഫ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതിയാകില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതികരണം. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കേണ്ട യൂറോപ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് റഷ്യ യോഗ്യത നേടിയിരുന്നു. ഈ ടൂർണമെന്‍റിൽ ഉൾപ്പെടെ റഷ്യയ്ക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കി.

പിന്‍മാറി പോളണ്ട്  

റഷ്യയുമായുള്ള ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ നിന്ന്  പോളണ്ട് പിന്‍മാറിയിരുന്നു. മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നയിക്കുന്ന പോളണ്ടിന്‍റെ പിന്‍മാറ്റം. റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്‍മാറ്റം. പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലെവന്‍ഡോവ്സ്‌കി വ്യക്തമാക്കിയിരുന്നു.

അസോസിയേഷനെടുത്തത് ശരിയായ തീരുമാനമാണ്. യുക്രൈനെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. റഷ്യന്‍ ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നറിയാം, പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലല്ലോ എന്നും റോബര്‍ട്ട് ലെവന്‍ഡ്വ്സ്‌കി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here