ന്യൂഡല്‍ഹി: രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം തന്നെ സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി സര്‍വീസ് തുടങ്ങുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ സ്‌പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പൊതുവായി ടെലികോം മേഖലയും, 5ജി പ്രത്യേകമായും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരങ്ങളില്‍ ഉള്ളതുപോലെ തന്നെ ഗ്രാമങ്ങളിലെ താമസക്കാര്‍ക്കും ഇ-സര്‍വീസുകളും മറ്റ് ആശയ വിനിമയ സൗകര്യങ്ങളും ലഭ്യമാക്കണം. ഇതിനായി വിദൂര ഗ്രാമ മേഖലകളെപ്പോലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃഖലയിലൂടെ ബന്ധിപ്പിക്കും. ഇതിന് ഭാരത് നെറ്റ് പദ്ധതി വഴി കരാര്‍ നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളെ ഒഎഫ്‌സി വഴി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം 2025ല്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.