ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി.‘ലേഡി ഡോണ്‍’ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. വധഭീഷണിക്കൊപ്പം ഗൊരഖ്‌പൂർ ക്ഷേത്രം തകർക്കുമെന്നും സന്ദേശത്തിലുണ്ട്.
ഇതേത്തുടർന്ന് യോഗിക്കും ക്ഷേത്രത്തിനും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണവുമാരംഭിച്ചു. ലക്നൗവിലെ വിധാൻ സഭ, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെ ഇല്ലാതാക്കാനും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. സുലൈമാൻ ഭായ് എന്നയാളാണ് ക്ഷേത്രത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം, അതേ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് മീററ്റിലെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ഫുര്‍ഖാന്‍ ഭായ് എന്നയാള്‍ ബോംബുകള്‍ സ്ഥാപിച്ചതായും ട്വീറ്റ് വന്നു.
ട്വീറ്റുകൾക്ക് പിന്നാലെ പൊലീസ് വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ക്ഷേത്രത്തിലും പരിസരത്തും പല തവണ പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ഇതെന്നാണ് പൊലീസിന്റെ അനുമാനം. എങ്കിലും വിശദമായ അന്വേഷണം തന്നെ നടത്തും. ഭീഷണി സന്ദേശം അയച്ച വ്യക്തികളെ കണ്ടെത്താനാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധ. ഗൊരഖ്‌പൂർ സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡയ്ക്കാണ് അന്വേഷണ ചുമതല.