പാലക്കുന്ന്: സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരായ പ്രമേയം സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ പാസായി. യുഡിഎഫ് അവതരിപ്പിച്ച സില്‍വര്‍ ലെയിന്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം എന്ന പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്‌ലിം ലീഗിലെ ഹാരിസ് അങ്കക്കളരി ആണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി.
ഉദുമ പഞ്ചായത്തിലെ കക്ഷി നില സിപിഎം 10, യുഡിഎഫ് 9, ബിജെപി 2 എന്ന നിലയിലാണ്. ഉദുമ പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലെയിന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്നാണ് പ്രമേയം പറയുന്നത്. നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാകും എന്നാണ് പ്രമേയം പറയുന്നത്.
അതേ സമയം ബിജെപി പിന്തുണയോടെ യുഡിഎഫ് പ്രമേയം പാസാക്കിയത് വികസന വിരുദ്ധമായ നീക്കമാണ് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി ലക്ഷ്മി പ്രതികരിച്ചത്. നേരത്തെ യുഡിഎഫ് കാലത്ത് അതിവേഗ റെയില്‍വെ പഠനത്തിനായി 28 കോടി മുടക്കിയ യുഡിഎഫ് ആണ് ഈ പ്രമേയം കൊണ്ടുവരുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി.
അതേ സമയം പ്രമേയം പാസാക്കിയ യുഡിഎഫ് അംഗങ്ങള്‍ക്ക് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അഭിനന്ദനം നല്‍കി. സർക്കാരിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം പാസാക്കിയത് ആദ്യസംഭവമാണെന്ന് നേതാക്കള്‍ പറഞ്ഞു.