മൂന്നു വയസുകാരിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് എറിഞ്ഞ് അമ്മ. ഉസ്‌ബെകിസ്താൻ തലസ്ഥാനമായ താഷ്‌കെന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സന്ദർശകരും മൃഗശാലയിലെ സുരക്ഷാ ജീവനക്കാരും നോക്കിനിൽക്കെയാണ് ഭീമൻ കരടിക്കു മുന്നിലേക്ക് കുട്ടിയെ അമ്മ എറിഞ്ഞിട്ടുകൊടുത്തത്. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഞെട്ടലുളവാക്കുന്ന സംഭവം പുറംലോകമറിയുന്നത്. കിടങ്ങ് പോലെയുള്ള ഒരു കരടിക്കൂട്ടിലേക്കാണ് കുട്ടിയെ യുവതി തൂക്കിയെടുത്ത് എറിഞ്ഞത്. സന്ദർശകർ റിങ്ങിനു പുറത്തുനിന്ന് കാഴ്ച കണ്ടുനിൽക്കെയാണ് എല്ലാവരെയും സ്തബ്ധരാക്കി അമ്മയുടെ കൃത്യം.
സൂസു എന്ന പേരുള്ള വെള്ളക്കരടിയായിരുന്നു കൂട്ടിലുണ്ടായിരുന്നത്. താഴേക്ക് വീണ കുട്ടിയുടെ അടുത്തേക്ക് കരടി ഓടിയടുക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ സുരക്ഷാജീവനക്കാർ ഓടിയെത്തിയാണ് കുട്ടിയെ കരടിയിൽനിന്ന് രക്ഷിച്ചത്. ഈ സമയത്തെല്ലാം സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കൊപ്പം നിന്ന് ഒരു ഭാവമാറ്റവുമില്ലാതെ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവതി.
വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ, കരടി ആക്രമിച്ചതിന്റെ പാടുകളൊന്നും ശരീരത്തിലില്ല. കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ആരോഗ്യനില ഭേദപ്പെട്ടുവരികയാണെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം.
സംഭവത്തിൽ അറസ്റ്റിലായ അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.