ബൗളറുമായി കൂട്ടിയിടിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കിയില്ല; നേപ്പാള്‍ താരത്തിന് ആരാധകരുടെ കൈയടി

0
327

ഒമാന്‍: ക്രിക്കറ്റില്‍ നേപ്പാള്‍ ചെറിയ ടീമാണെങ്കിലും നേപ്പാളിന്റെ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ മനസ് വലുതാണ്. ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ആസിഫിന്റെ വലിയ മനസ് ആരാധകര്‍ കണ്ടത്.

ബൗളറുമായി കൂട്ടിയിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കാനുള്ള അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരം അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് നാടകീയ സംഭവം. റണ്ണിനായുള്ള ഓട്ടത്തിനിടെ ഐറിഷ് ബാറ്റര്‍ ആന്‍ഡി മക്ബ്രയ്ന്‍ നേപ്പാള്‍ പേസ് ബൗളര്‍ കമല്‍ സിങ് അയ്‌രിയുമായി കൂട്ടിയിടിച്ച് നിലത്തുവീണു. എഴുന്നേറ്റ് ഓടിയ മക്ബ്രയ്ന്‍ ക്രീസിലെത്തുന്നതിന് മുമ്പ് റണ്‍ഔട്ടാക്കാന്‍ ആസിഫിന് അവസരം ലഭിച്ചു. എന്നാല്‍ ആസിഫ് അതിന് മുതിര്‍ന്നില്ല.

ഇതോടെ ആരാധകരും കമന്റേറ്റര്‍മാരും താരത്തിന് കൈയടി നല്‍കി. ‘ഇവിടെയിരിക്കുന്ന എനിക്ക് രോമാഞ്ചമുണ്ടായിരിക്കുന്നു. മനസിന് കുളിര്‍മയേകിയ ദൃശ്യം. ആസിഫിന് ബാറ്ററെ അനായാസം റണ്‍ഔട്ടാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. ഇതാണ് ക്രിക്കറ്റിന്റെ സത്ത. ക്രിക്കറ്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത് ഇങ്ങനെയാണ്’, കമന്റേറ്റര്‍മാരില്‍ ഒരാളുടെ കമന്ററി ഇങ്ങനെയായിരുന്നു.

മത്സരത്തില്‍ അയര്‍ലന്‍ഡ് 16 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 127 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നേപ്പാള്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here