ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി വനിതക്ക് 44 കോടി; എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്

0
525

അബുദാബി: വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി വനിത. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ഇന്ന് നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.

കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ജനുവരി  27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍  ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്‍ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു.

വീട്ടിലായിരുന്ന ലീന തത്സമയ നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നില്ല. ബിഗ് ടിക്കറ്റ് എടുത്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് മറുപടി. 22 ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹയായെന്ന വിവരം സംഘാടകര്‍ അറിയിച്ചപ്പോള്‍ തിരിച്ചൊന്നും പറയാന്‍ കഴിയാതെ ഒരു നിമിഷം സ്‍തംബ്‍ധയായിപ്പോയി. സമ്മാനം ലഭിച്ചെന്ന് ഉറപ്പുതന്നെയാണോ എന്ന് വിശ്വാസം വരാതെ പിന്നീട് ഒരിക്കല്‍ കൂടി ചോദിച്ചു. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ പരിശോധിച്ച് നിങ്ങള്‍ക്ക് ഉറപ്പുവരുത്താമെന്നായിരുന്നു റിച്ചാര്‍ഡിന്റെ മറുപടി.

റാസല്‍ഖൈമയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ലഭിച്ചത്. ജനുവരി 29നാണ് സമ്മാനാര്‍ഹമായ 327631 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനിലൂടെ എടുത്തത്.  ഇന്ത്യക്കാരനായ സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യക്കാരായ അന്‍സാര്‍ സുക്കരിയ മന്‍സില്‍ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിര്‍ഹം (ടിക്കറ്റ് നമ്പര്‍ – 127937) നേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പര്‍ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹയായി. ഡ്രീം കാര്‍ സീരിസില്‍ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവര്‍ കാര്‍ നേടിയത്. 013887 ആയിരിന്നു സമ്മാനാര്‍ഹമായ ടിക്കറ്റ്.

അതേസമയം കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷമാദ്യത്തില്‍ നടത്തിയ ‘സെക്കന്റ് ചാന്‍സ്’ നറുക്കെടുപ്പില്‍ 2,50,000 ദിര്‍ഹം നേടിയ ശ്രീധരന്‍ പിള്ളയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ബിഗ് ടിക്കറ്റ് അവതാരകര്‍ അറിയിച്ചു. ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്കും ഇ-മെയില്‍ വിലാസത്തിലേക്കും എല്ലാ ദിവസവും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ യുഎഇയില്‍ ഉണ്ടോയെന്ന് പോലും അറിയാന്‍ സാധിച്ചിട്ടില്ല. ശ്രീധരന്‍ പിള്ളയെ അറിയാവുന്നവര്‍ കണ്ടെത്താന്‍ സാഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ബിഗ് ടിക്കറ്റ് അധികൃതര്‍ നടത്തി.

അതേസമയം ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹനാവുന്ന ഭാഗ്യവാന് 24 കോടി രൂപ (1.2 കോടി ദിര്‍ഹം)  സമ്മാനിക്കുന്ന അടുത്ത നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് പുറത്തുവിട്ടിരുന്നു. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) ഇതിലെ രണ്ടാം സമ്മാനം. മറ്റ് അഞ്ച് സമ്മാനങ്ങളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു.

മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകും. ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം വീതം ലഭിക്കുക.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനം നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. അതും രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here