സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് ക്യാന്‍സര്‍ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ക്യാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പല ഇടപെടലുകളും നടത്തി. ദീര്‍ഘദൂരം യാത്ര ചെയ്ത് ആര്‍സിസിയിലും മെഡിക്കല്‍ കോളജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റേയും തിരുവനന്തപുരം ആര്‍സിസിയുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ പ്രോഗ്രാമിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്ക് ക്യാന്‍സര്‍ രോഗ പരിചരണം, നിര്‍ണയം, പ്രതിരോധം എന്നിവയെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോര്‍ജ് വെബിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ആര്‍സിസിയിലെ പുലയനാര്‍കോട്ട ക്യാമ്പസില്‍ പ്രിവന്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.