കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ ‘കച്ചാ ബദാം'(Kacha Badam)എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ താരം. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മിമിക്സ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മഹേഷ് കുഞ്ഞുമോൻ എന്ന മിമിക്രി കലാകാരനാണ് വീഡിയോ പുറത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പാട്ട് പാടുന്ന രീതിയിലാണ് മിമിക്സ് ചെയ്തിരിക്കുന്നത്. എന്തായാലും പുറത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിമിക്സ് ശ്രദ്ധനേടി കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മഹേഷ് കുഞ്ഞുമോന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
കൊവിഡ് കാലത്ത് ഹിറ്റായ ‘പെര്‍ഫെക്ട് ഓകെ’ എന്ന ഗാനവും മഹേഷ് മിമിക്സ് ചെയ്തിരുന്നു. അതിലും താരങ്ങൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ പാട്ട് പറഞ്ഞു കൊടുക്കുന്ന രീതിയിലായിരുന്നു മിമിക്സ് ചെയ്തിരുന്നത്.
മിമിക്രിയിലൂടെയും ഡബ്ബിങ്ങിലൂടെയും ശ്രദ്ധനേടിയ ആളാണ് മഹേഷ് കുഞ്ഞുമോൻ. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടിന് വേണ്ടി മഹേഷ് ഡബ്ബിംഗ് ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൾഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.