പവർ കട്ട് വീണ്ടും വരുമോ? രാജ്യത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് കടുത്ത പ്രതിസന്ധി

0
215

ദില്ലി: രാജ്യത്ത് വൈദ്യുതി വിതരണ രംഗത്ത് കടുത്ത പ്രതിസന്ധി. കൽക്കരിയുടെ ലഭ്യതയാണ് ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കൽക്കരിയുടെ അന്താരാഷ്ട്ര വില കുത്തനെ ഉയർന്നിരിക്കുകയാണ്. ടണ്ണിന് 200 ഡോളറിനാണ് അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വിപണനം.

ഇത് ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിന് മുകളിൽ ഭാരിച്ച സമ്മർദ്ദത്തിന് കാരണമാകും. ഇന്ത്യയിൽ വൈദ്യുതിക്ക് ഈടാക്കാവുന്ന പരമാവധി വില യൂണിറ്റിന് 20 രൂപയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ നിലയിലേക്ക് വിലയെത്തിയെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ ശരാശരി വില വൈദ്യുതി യൂണിറ്റിന് അഞ്ച് രൂപയാണ്. ഗുജറാത്തും മഹാരാഷ്ട്രയും പവർ എക്സ്ചേഞ്ചിൽ നിന്ന് 10 എംയു വൈദ്യുതി വാങ്ങുന്നെന്നാണ് വിവരം.

ആവശ്യമായതിന്റെ 39 ശതമാനം കൽക്കരി മാത്രമാണ് ഇപ്പോൾ സ്റ്റോക്കുള്ളതെന്നാണ് ഔദ്യോഗിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 26 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഫെബ്രുവരി 24 ലെ കണക്കുകൾ പറയുന്നു. വ്യാവസായിക പവർ പ്ലാന്റുകളോടും സംസ്ഥാനങ്ങൾക്ക് കീഴിലെ കെഎസ്ഇബി പോലുള്ള വൈദ്യുത വിതരണ കമ്പനികളോടും ആവശ്യമായതിന്റെ നാല് ശതമാനം ഇറക്കുമതി ചെയ്യാനാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദ്ദേശം.

കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന താപ വൈദ്യുത പ്ലാന്റുകൾ ഇപ്പോൾ 20 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. 14 പ്ലാന്റുകളിൽ ഏഴെണ്ണം പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മൂന്ന് പ്ലാന്റുകളിൽ 35 ശതമാനോ അതിൽ താഴെയോ ആണ് കൽക്കരിയുടെ സ്റ്റോക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here