നോ പാര്‍ക്കിംഗിലെ സാന്‍ട്രോയെ യാത്രികരെയടക്കം വലിച്ചുനീക്കി ക്രെയിന്‍! (വീഡിയോ)

0
293

രാജ്യത്തെ പല നഗരങ്ങളിലും പാർക്കിംഗ് ഒരു വലിയ പ്രശ്‍നമാണ്. നോ പാർക്കിംഗ് സോണുകളിൽ വാഹനം പാർക്ക് ചെയ്‍തതിന് പിഴ ഈടാക്കുന്നത് പതിവാണ്. നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്യുന്ന വാഹനം ബന്ധപ്പെട്ട അധികാരികൾ പിടിച്ചെടുത്തു കൊണ്ടുപോകുകയാണ് പതിവ്. പിഴയും ടോവിംഗ് ചാർജും അടച്ചതിന് ശേഷമാണ് കാർ വിട്ടയക്കുന്നത്. മിക്ക കേസുകളിലും കാറിനുള്ളിൽ ആരുമില്ലാത്ത സമയത്താണ് വാഹനം പിടിച്ചെടുക്കുക പതിവ്. എന്നാല്‍ യാത്രക്കാർ ഇരിക്കുമ്പോള്‍ത്തന്നെ അധികൃതർ വണ്ടി പിടിച്ചെടുത്ത ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉത്തർപ്രദേശിലെ (Uttar Pradesh) ലഖ്‌നൗവിൽ (Lucknow) ആണ് സംഭവം എന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഖ്‌നൗവിൽ വച്ച് ഒരു ഹ്യുണ്ടായി സാന്‍ട്രോയെ ആണ് ഇങ്ങനെ യാത്രികരെ ഉള്‍പ്പെടെ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു നീക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ തലമുറ ഹ്യുണ്ടായി സാന്‍ട്രോയെ യാത്രക്കാരുമായി വലിച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ചിത്രങ്ങൾ ആണ് വൈറലായിരിക്കുകയാണ്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ ജൻപഥിലാണ് സംഭവം എന്ന് ഡിഎന്‍എയെ ഉദ്ദരിച്ച് കാര്‍ ടോഖ് വ്യക്തമാക്കുന്നു. ഹസ്രത്ഗഞ്ചിലെ ജൻപഥിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സുനിലും സുഹൃത്തുക്കളും. ഇവർ കാറിലിരിക്കുമ്പോൾ ഒരു ടോ ട്രക്ക് വന്നു. യാത്രക്കാർ കാറിനുള്ളിൽ ഇരിക്കുമ്പോൾ ട്രക്ക് കാർ ഉയർത്തി.

സാന്‍ട്രോയയെ വലിച്ചുകൊണ്ടുപോകുന്ന ടോ ട്രക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ വൈറലാകുകയും ഓൺലൈനിൽ ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‍തു. വീഡിയോ വൈറലായതോടെ ലഖ്‌നൗ മുൻസിപ്പൽ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. നോ പാർക്കിംഗ് സോണുകളിൽ നിന്ന് വാഹനങ്ങൾ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ക്രെയിനുകൾ ഒരു വർഷത്തേക്ക് പെർമിറ്റ് നൽകിയ സ്വകാര്യ കരാറുകാരാണ് പ്രവർത്തിപ്പിക്കുന്നതെന്ന് മുനിസിപ്പൽ കമ്മീഷണർ അജയ് ദ്വിവേദി പറഞ്ഞു. മിക്കപ്പോഴും ഈ ക്രെയിൻ ഓപ്പറേറ്റർമാർ വാഹനങ്ങൾ വലിക്കുമ്പോൾ ശ്രദ്ധിക്കാറില്ല. തെറ്റായ ടോവിംഗ് ടെക്നിക്കുകൾ കാരണം കാറുകളുടെ ബമ്പറുകൾ തകരാറിലായ സംഭവങ്ങളും ഉണ്ടാകാറുണ്ട്.

സംഭവത്തിന് ശേഷം നോ പാർക്കിംഗ് സോണുകളിൽ നിന്ന് വാഹനങ്ങൾ പിടിക്കാൻ ഉപയോഗിക്കുന്ന എല്ലാ ക്രെയിനുകളുടെയും പ്രവർത്തനം ലഖ്‌നൗ അധികൃതർ നിരോധിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം അനുസരിച്ച്, കാറിനുള്ളിൽ യാത്രക്കാർ ഇരിക്കുകയാണെങ്കിൽ നോ പാർക്കിംഗ് സോണിൽ നിന്ന് വാഹനം വലിച്ചു കൊണ്ടു പോകാൻ പാടില്ല.

അതേസമയം രാജ്യത്ത് ഇങ്ങനെയൊരു സംഭവം ആദ്യമല്ല. കഴിഞ്ഞ വർഷം പുനെയിൽ നോ പാർക്കിംഗ് സോണിൽ മോട്ടോർ സൈക്കിൾ കുറച്ച് മിനിറ്റ് നിർത്തിയപ്പോൾ ക്രെയിൻ ഉപയോഗിച്ച് ബൈക്ക് യാത്രികനെ ഉൾപ്പടെ ഉയർത്തിയിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ മോട്ടോർ സൈക്കിളിൽ ഇരിക്കുമ്പോഴാണ് ബൈക്ക് വലിച്ച് കയറ്റിയത്. ഈ സംഭവവും അക്കാലത്ത് വൈറലായിരുന്നു. ഒരിക്കൽ മുംബൈ പോലീസ് നോ പാർക്കിംഗ് സോണിൽ നിന്ന് കാറിനുള്ളിൽ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ഒരു സ്ത്രീയെ അടക്കം വാഹനം വലിച്ചിഴച്ചതും വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്താണ് നോ പാര്‍ക്കിംഗും നോ ഹാള്‍ട്ട് സോണുകള്‍?
നോ പാർക്കിംഗും നോ-സ്റ്റോപ്പ് അല്ലെങ്കിൽ ഹാൾട്ട് സോണുകളും വ്യത്യസ്‍തമാണെന്ന് ഒരാൾ മനസിലാക്കണം. റോഡിൽ നോ പാർക്കിംഗ് എന്ന ബോർഡ് വെച്ചാൽ അവിടെ വാഹനങ്ങൾ നിർത്താൻ പറ്റില്ല. ഒരു വ്യക്തിക്ക് വാഹനം നിർത്താൻ കഴിയും, പക്ഷേ വാഹനം വിട്ട് പുറത്തുപോകാന്‍ കഴിയില്ല. വാഹനങ്ങൾ നിർത്താൻ കഴിയാത്ത സ്ഥലങ്ങളുമുണ്ട്. അത്തരം സ്ഥലങ്ങളിൽ ‘നോ സ്റ്റോപ്പിംഗ്’ അല്ലെങ്കിൽ ‘നോ ഹാൾട്ടിംഗ്’ എന്ന ബോർഡുകൾ ഉണ്ട്. റോഡുകൾ ഇടുങ്ങിയതും തിരക്കുള്ളതുമായ സ്ഥലങ്ങളിലാണ് സാധാരണയായി ഇത്തരം അടയാളങ്ങൾ കാണുന്നത്.

ഇനി നമ്മുടെ സംസ്ഥാനത്തെ മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യത്തില്‍ നേരത്തെ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ പരിശോധിക്കാം. വാഹനം നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍, അതില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കാമോ…? ഒട്ടു മിക്ക ഡ്രൈവര്‍മാര്‍ക്കുമുള്ള സംശയമായിരിക്കും ഇത്. ഇതിന് മുമ്പൊരിക്കല്‍ കേരളത്തിലെ മോട്ടോര്‍വാഹനവകുപ്പ് നല്‍കിയ വിശദീകരണമാണ് താഴെക്കൊടുത്തിരിക്കുന്നത്. പിഴ ഈടാക്കും എന്ന് തന്നെയാണ് ഇതിനുത്തരം. ഡ്രൈവര്‍ സീറ്റില്‍ ഉണ്ടെങ്കിലും ഇത്തരം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളിടത്ത് വാഹനം നിര്‍ത്തിയിടുള്ളത് കുറ്റകരമാണെന്ന് അധികൃതര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം 
വാഹനത്തിൽ ഡ്രൈവർ ഉണ്ടെങ്കിലും അനധികൃത പാർക്കിംഗിന് പിഴ അടക്കേണ്ടി വരുമോ ?
ഉത്തരം: ഡ്രൈവർ സീറ്റിലുണ്ടെങ്കിലും പാർക്കിംഗ് അല്ലാതാകുന്നില്ല.

പലപ്പോഴും അനധികൃത പാർക്കിങ്ങിന് പിഴയടയ്ക്കേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉയർന്നു വരാറുണ്ട്, അതിനാൽ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിംഗ് എന്ന് അറിയേണ്ടതുണ്ട്. എങ്ങിനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാർക്ക് ചെയ്യണം എന്നതും. പാർക്കിംഗ് എന്നത് വിലയേറിയ ഒന്നാണെന്നും, പൊതു സ്ഥലത്തും നിരത്തുകളിലും പാർക്ക് ചെയ്യുന്നതും അവകാശമല്ല എന്ന് മനസ്സിലാക്കുക.

പാർക്കിംഗ് എന്നാൽ എന്ത്?
ചരക്കുകളാ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും, 3 മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിംഗിന്റെ നിർവ്വചനത്തിൽ വരുന്നു (മോ.വെ. ഡ്രൈവിംഗ് റെഗുലേഷൻ ക്ലോസ് 2 (J)).

എവിടെയൊക്കെയാണ് പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്?

  • റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസ്സം ഉള്ളതോ ആയ ഭാഗത്ത്. 
  • കൊടുംവളവിലൊ വളവിന് സമീപത്തോ .
  • ആക്സിലറേഷൻ ലൈനിലോ (acceleration lane) ഡീസിലറേഷൻ ലൈനിലോ (Deceleration lane)
  • റെയിൽവേ ക്രോസിംഗിൽ
  • ബസ് സ്റ്റോപ്പ് / ആശുപത്രി സ്കൂൾ എന്നിവയുടെ പ്രവേശന കവാടത്തിനരികിൽ .
  • പെഡസ്ട്രിയൻ ക്രോസിംഗിലൊ അതിന് മുൻപുള്ള 5 മീറ്ററിലൊ .
  • ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ give way sign എന്നിവയുടെ 5 മീറ്ററിനുള്ളിൽ അല്ലെങ്കിൽ മറ്റ് ഡ്രൈവർമാർക്ക് സിഗ്നലുകൾ കാണാൻ കഴിയാത്ത വിധത്തിൽ നിർത്തുന്നത് .
  • ബസ് സ്റ്റാൻഡുകളിൽ ബസ്സുകൾ അല്ലാത്ത വാഹനങ്ങൾക്ക്.
  • റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിംഗിലൊ റോഡ് അരികിലെ മഞ്ഞ വരയിലൊ .
  • നോ സ്റ്റോപ്പിങ് /നോ പാർക്കിംഗ് സൈൻബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ .
  • പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററൊ അതിൽ കൂടുതലൊ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലൊ റോഡിന്റെ ഭാഗങ്ങളിലോ 
  • ഫുട്പാത്ത് /സൈക്കിൾ ട്രാക്ക്/ പെഡസ്ട്രിയൻ ക്രോസിംഗ് എന്നിവടങ്ങളിൽ .
  • ഒരു ഇൻറർസെക്ഷനിലൊ ഇന്റർ സെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമൊ.
  • ഒരു പാർക്കിംഗ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ .
  • തുരങ്കത്തിൽ / ബസ് ലൈനിൽ .
  • ഒരു വസ്തു(property) യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും.
  • പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി
  • ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.
  • പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.
  • പാർക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം .
  • ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ .
  • വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലൊ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലൊ

LEAVE A REPLY

Please enter your comment!
Please enter your name here