കാസർകോട്: സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെ ജില്ലാ ബിജെപിയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ‘നേതാക്കളുടെ തോന്ന്യാസം’ നിർത്തണമെന്നുൾപ്പെടെ വിമർശനമുണ്ടായി. പരാതിക്കാരുടെ പ്രധാന ആവശ്യമായ കുമ്പള പഞ്ചായത്തിലെ സഖ്യം അവസാനിപ്പിച്ചതിനാൽ സ്ഥിതി ശാന്തമായെന്ന ആശ്വാസത്തിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാൽ സിപിഎം സഖ്യമുണ്ടാക്കാൻ നേതൃത്വം നൽകിയ 3 നേതാക്കൾക്കെതിരെ നടപടി വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചവർ പറയുന്നത്. കുമ്പളയിൽ സ്ഥിരം സമിതി അധ്യക്ഷ പദവിയും അംഗത്വവും രാജിവച്ചത് നേതൃത്വം തെറ്റ് സമ്മതിച്ചതിനു തുല്യമാണെന്നും അവർ പറയുന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പി.രമേശൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജില്ലയിലെ ചില നേതാക്കൾ സംസ്ഥാന അധ്യക്ഷനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഇവർ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട്, കോഴ വിവാദങ്ങളുമായി ഇതിനു ബന്ധമില്ലെന്നും എന്നാൽ കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളുടെ കാര്യത്തിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന രീതിയിലാണ് ആരോപണങ്ങൾ.
സംസ്ഥാന അധ്യക്ഷൻ ഭയക്കുന്ന എന്തോ വിവരങ്ങൾ ഇവിടെ കുറ്റക്കാരായ നേതാക്കളുടെ കയ്യിലുണ്ടെന്നും അതിനാലാണ് നടപടിയുണ്ടാകാത്തതെന്നും പരാതിക്കാർ ആരോപണമുന്നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച രമേശൻ പത്ര സമ്മേളനത്തിൽ പങ്കെടുത്തതിനെ പരിഹസിച്ച് ‘കുടത്തിലെ ഭൂതം’ പുറത്തു വന്നെന്ന് പരിഹാസ ട്രോളുമായി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്തും രംഗത്തെത്തി.
കുമ്പള പഞ്ചായത്തിൽ വിജയിച്ച അംഗങ്ങൾ പുതുമുഖങ്ങളായിരുന്നെന്നും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം അംഗത്തിനു വോട്ട് ചെയ്യാൻ ഇവർക്ക് നിലവിലെ ഉത്തരമേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ്കുമാർ ഷെട്ടി നിർദേശം നൽകിയെന്നുമാണ് നടപടി ആവശ്യപ്പെടുന്നവർ പറയുന്നത്. ഈ തീരുമാനത്തിനു പിന്നിൽ ഒരാൾ മാത്രമല്ലെന്നും മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ കെ.ശ്രീകാന്ത്, നിലവിൽ ജില്ലാ സെക്രട്ടറിയായ മണികണ്ഠൻ എന്നിവർക്കുമെതിരെ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
‘സംസ്ഥാന അധ്യക്ഷൻ അവഗണിക്കുന്നു’
കുമ്പളയിലെ സിപിഎം സഖ്യം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിട്ട് ഒരു വർഷവും 3 മാസവുമായെന്നാണ് എതിർപ്പുന്നയിച്ച വിഭാഗത്തിന്റെ വാദം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന അധ്യക്ഷന്റെ നിലപാട് ‘കുറ്റം ചെയ്തവർ അനുഭവിക്കും’ എന്നായിരുന്നു. വോട്ടെടുപ്പിനു ശേഷം 2021 ഏപ്രിൽ 9ന് ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയെന്നും പരാതിക്കാർ പറയുന്നു. പിന്നീട് നടപടിയുണ്ടായില്ല. ചർച്ചകൾ നടന്നില്ല. കുറ്റക്കാർക്കു പാർട്ടി വീണ്ടും ഭാരവാഹിത്വത്തിൽ സ്ഥാനക്കയറ്റം നൽകിയെന്നും പരാതി നൽകിയവർ പറയുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട ജ്യോതിഷിന്റെ ആത്മഹത്യ കാര്യങ്ങൾ കൂടുതൽ വഷളാക്കി. സംസ്ഥാന നേതാക്കൾ ജില്ലാ ഓഫിസിലെത്തിയാൽ തടയുമെന്നും എതിർവിഭാഗം പറഞ്ഞു.
വാട്സാപ് ഗ്രൂപ്പിലെ പാർട്ടി വിരുദ്ധ പ്രസ്താവന സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ :
‘ നേതാക്കൾക്കെതിരായ ഭീഷണി സന്ദേശം വന്നു എന്നു പറയുന്ന വാട്സാപ് ഗ്രൂപ്പിൽ ഫെബ്രുവരി 15 വരെ ഞാൻ ഉണ്ടായിരുന്നു. പാർട്ടി വിരുദ്ധ പ്രതികരണങ്ങൾ വന്നതോടെ ഗ്രൂപ്പിൽ നിന്നു പുറത്തുപോയി. മറ്റ് അംഗങ്ങൾ ആ ഗ്രൂപ്പിൽ ഇപ്പോൾ ഉണ്ടോ എന്ന് വ്യക്തമല്ല. പ്രവർത്തകരുടെ കൂടി വികാരം കണക്കിലെടുത്താണ് സ്ഥിരം സമിതി അംഗങ്ങൾ രാജി വച്ചത്. സംസ്ഥാന പ്രസിഡന്റും കോർ കമ്മിറ്റിയും മറ്റു നേതാക്കളും ചേർന്നാണ് ഈ തീരുമാനമെടുത്തത്.
അണികളുടെ വികാരം ഉൾക്കൊള്ളുന്നു. പാർട്ടി ഓഫിസ് പൂട്ടിയ സംഭവത്തിൽ ഇപ്പോഴും സംയമനം പാലിക്കുകയാണ്. ആർക്കെതിരെയും കേസ് കൊടുത്തിട്ടില്ല. ചില വ്യക്തികൾ മുതലെടുക്കാൻ ശ്രമിച്ചതാണെന്നു വിലയിരുത്തലുണ്ട്. ചിലർ ജില്ലാ തലത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ അച്ചടക്ക ലംഘനം നടന്നോ എന്ന കാര്യം സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനിക്കുക.