‘നാറ്റോയാണ് പ്രശ്‌നം’; എന്താണ് റഷ്യ,യുക്രൈന്‍ യുദ്ധത്തിന്റെ കാരണം?, അറിയേണ്ടതെല്ലാം

0
722

മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. കര,വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ യുക്രൈനെ വളഞ്ഞു ആക്രമിക്കുകയാണ് റഷ്യ. ഒപ്പം വിമതരും കൂടിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ സൈനിക നീക്കം ശക്തമാക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞിരിക്കുന്നത്. യുക്രൈന്‍ ആകട്ടെ, ലോകരാജ്യങ്ങളുടെ സഹായം തേടുന്നു. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന് റഷ്യ പറയുമ്പോഴും, നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എന്താണ് റഷ്യ,യുക്രൈന്‍ പ്രശ്‌നം? 

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍, 1991ലാണ് സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം. പോളണ്ട്, ബലാറസ്, ഹങ്കറി,സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ഈ കരിങ്കടല്‍ തീര രാജ്യം അതിര്‍ത്തി പങ്കിടുന്നു.

വടക്ക്, തെക്ക്, കിഴക്ക്, തെക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലൂടെയാണ് നിലവില്‍ റഷ്യ സൈനിക വിന്യാസം നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം വരുന്ന സൈന്യത്തെയാണ് റഷ്യ യുക്രൈനെ വളയാന്‍ നിയോഗിച്ചിരിക്കുന്നത്.

2006വരെ റഷ്യക്കൊപ്പമായിരുന്നു യുക്രൈന്‍. 2004മുതല്‍ 2006വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷം, അമേരിക്കയോടായി യുക്രൈന്റൈ ചായ്വ്. അമേരിക്കയോടുള്ള യുക്രൈന്റെ അമിത വിധേയത്വത്തില്‍ അപകടം മണത്ത റഷ്യ, അന്നുമുതല്‍ പലവിധത്തില്‍ പ്രകോപനങ്ങളും ഉപരോധങ്ങളുമായി രംഗത്തുണ്ട്.

യുക്രൈനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും റഷ്യയോട് കൂറുപുലര്‍ത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയില്‍ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ വഴി റഷ്യ എളുപ്പത്തില്‍ യുക്രൈന്‍ മണ്ണില്‍ പ്രവേശിച്ചു.

‘നാറ്റോയാണ് പ്രശ്‌നം’

നാറ്റോയുമായുള്ള യുക്രൈന്റെ ബന്ധമാണ് റഷ്യയെ അസ്വസ്ഥരാക്കുന്നത്, യുക്രൈന്‍ വൈകാതെ, നാറ്റോ അംഗമാകും എന്നാണ് സൂചന.
1949ല്‍ സ്ഥാപിതമായ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സോവിയറ്റ് കാലത്തും ഇപ്പോള്‍ പുടിന്റെ കാലത്തും റഷ്യക്ക് ഭീഷണിയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനെ വരുതിയിലാക്കാന്‍ വേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ സൈനിക കൂട്ടായ്മ. തുടക്കത്തില്‍ 12 രാജ്യങ്ങളാണ് നാറ്റോയില്‍ ഉണ്ടായിരുന്നത്. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് അംഗങ്ങളെ ചേര്‍ക്കില്ല എന്ന് സോവിയറ്റ് യൂണിയന് നല്‍കിയ വാക്ക്, അമേരിക്കയും കൂട്ടരും ഇതുവരെ പാലിച്ചിട്ടില്ല. സോയിവറ്റ് വിട്ടുവന്ന പലര്‍ക്കും നാറ്റോ പിന്നീട് അംഗത്വവും നല്‍കി. യുക്രൈനും ജോര്‍ജിയയും നാറ്റോയില്‍ ചേര്‍ന്നാല്‍, പാശ്ചത്യ ശക്തികള്‍ക്ക് റഷ്യയെ ആക്രമിക്കാന്‍ വളരെ എളുപ്പമാണെന്ന് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ കരുതുന്നു. എന്തുവില  കൊടുത്തും അത് തടയുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.

‘ക്രിമിയന്‍ തന്ത്രം’ വിലപ്പോയില്ല

കിഴക്കന്‍ യുക്രൈനില്‍ കടന്നു കയറിയ റഷ്യ, ക്രിമിയ പിടിച്ചെടുത്തു. ക്രിമിയന്‍ അധിനിവേശം, പക്ഷേ, യുക്രൈനെ ഭയപ്പെടുത്തുകയല്ല, പാശ്ചാത്യ ശക്തികളുമായി കൂടുതല്‍ അടുപ്പിക്കുയാണ് ചെയ്തത്. അമേരിക്കയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും യുക്രൈന്‍ ആയുധങ്ങള്‍ വാങ്ങി.

റഷ്യയുടെ അയല്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുത് എന്നാണ് പുടിന്റെ ആവശ്യം. 12 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന അവസ്ഥയിലേക്ക് നാറ്റോ മടങ്ങിപ്പോകണമെന്നും റഷ്യ ആവശ്യപ്പെടുന്നു. തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കുക എന്നും റഷ്യ നിലപാടെടുക്കുന്നു. ഒറ്റനോട്ടത്തില്‍, സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ കരുതി  ചെയ്യുന്ന കാര്യങ്ങളാണെന്ന് തോന്നാമെങ്കിലും, റഷ്യയെ ശത്രുക്കളില്‍ നിന്ന് കാക്കുന്നത് താനാണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി, പിന്തുണ നേടിയെടുക്കുക എന്നതാണ് പുടിന്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശകരുടെ വാദം.

മൂന്നാം ലോക മഹായുദ്ധം വരുമോ?

ശീതയുദ്ധ കാലത്തെ സമാനമായ സാഹചര്യത്തിലേക്ക് ലോകം മാറുന്ന സൂചനയാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയം പ്രതികരണങ്ങളില്‍ നിന്ന് ലഭിക്കുന്നത്. യുക്രൈനെ അക്രമിക്കുന്നത് നേക്കിനില്‍ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. നാറ്റോ റഷ്യക്ക് ഭീഷണിയല്ലെന്നാണ് അമേരിക്കയുടെ വാദം.

റഷ്യയെ അസ്ഥിരപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്താല്‍ ഇടപെടുമെന്നും ബൈഡന്‍ പറയുന്നു. റഷ്യക്കൊപ്പമാണ് ചൈന. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ആശങ്ക ന്യായമാണ് എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയാകട്ടെ, വിഷയത്തില്‍ പ്രത്യക്ഷ നിലപാടൊന്നും സ്വീകരിച്ചിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here