മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തു. ഇഡിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട കള്ളപ്പണ വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് വസതിയിലെത്തി അന്വേഷണത്തിനായി കൊണ്ടുപോയ ശേഷം ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ചോദ്യം ചെയ്യുന്നവരെ ഉപദ്രവിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു സംഭവത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികള്‍ മുസ്‌ലിങ്ങളാണെങ്കില്‍ അവരെ ദാവൂദുമായി ബന്ധപ്പെടുത്തുന്നത് ഇവരുടെ ശീലമാണെന്നും പവാര്‍ പ്രതികരിച്ചു.
മാലിക്കിനെ ചോദ്യം ചെയ്യലിനായി എത്തിച്ചതിന് പിന്നാലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇഡി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഹവാലാ പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിന്റെ പേര് അന്വേഷണത്തിന്റെ ഭാഗമായി വരുന്നതെന്നും പിന്നീട് അന്വേഷത്തില്‍ ദാവൂദ് ഇബ്രാഹിമിന്റേയും കൂട്ടരുടേയും കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്‍ഐഎ യുഎപിഎ പ്രകാരം രേഖപ്പെടുത്തിയ കേസിന്റെ തുടര്‍ച്ചയായി ആയിരുന്നു ഇഡി നവാബ് മാലിക്കിനെതിരെ കേസ് എടുത്തത്. മഹാരാഷ്ട്രയിലെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാറില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയാണ് നവാബ് മാലിക്ക്.