ബംഗളൂരു: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ ഒരുകൂട്ടം വിദ്യാർത്ഥികൾ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂടേറിയ വാദം. മതചിഹ്നങ്ങളായ തലപ്പാവും കുരിശും പൊട്ടുമെല്ലാം ക്ലാസ് മുറികളിൽ അനുവദിക്കുമ്പോൾ ഹിജാബ് മാത്രം എന്തു കൊണ്ട് പുറത്തു നിർത്തുന്നുവെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ രവി വർമ കുമാർ ചോദിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അടങ്ങിയ ഫുള്‍ബഞ്ചിനു മുമ്പാകെയാണ് വാദം നടക്കുന്നത്.
‘ക്ലാസ് മുറിയിലെ വൈവിധ്യങ്ങൾ നിലനിർത്തേണ്ടതുണ്ട്. ഇതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആപ്തവാക്യം. സിഖുകാരുടെ തലപ്പാവും ക്രിസ്ത്യാനിയുടെ കുരിശും ക്ലാസിൽ അനുവദിക്കുന്നു. എന്തു കൊണ്ടാണ് ഹിജാബിന് മാത്രം വിലക്ക്. സൈന്യത്തിൽ തലപ്പാവു ധരിക്കാമെങ്കിൽ എന്തു കൊണ്ട് മതചിഹ്നം ധരിച്ചുള്ള വസ്ത്രമണിഞ്ഞ് ക്ലാസിലിരുന്നു കൂടാ. മുസ്‌ലിം പെൺകുട്ടികൾക്കെതിരെ നടക്കുന്ന വിവേചനം മതത്തിന്റെ പേരിലുള്ളതാണ്. ഇത് വിവേചനപരമാണ്.’ – കുമാർ വാദിച്ചു.
‘ദുപ്പട്ട, വള, തലപ്പാവ്, കുരിശ്, പൊട്ട് തുടങ്ങി നൂറു കണക്കിന് മതചിഹ്നങ്ങൾ ആളുകളും എല്ലാദിവസവും ധരിക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള മത ചിഹ്നങ്ങളുടെ വൈവിധ്യം കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ഹിജാബിനെ മാത്രം എന്തു കൊണ്ടാണ് സർക്കാർ പിടിക്കുന്നത്. എന്തു കൊണ്ടാണ് പാവപ്പെട്ട മുസ്‌ലിം പെൺകുട്ടികളെ മാത്രം പിടിക്കുന്നത്. പൊട്ടു ധരിച്ച ഒരു വിദ്യാർത്ഥിയെയും സ്‌കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ല. വള ധരിച്ചവരും പുറത്തുപോയിട്ടില്ല. കുരിശു ധരിച്ചവരെയും തൊട്ടിട്ടില്ല. എന്തു കൊണ്ട് ഈ പെൺകുട്ടികൾ മാത്രം. ഇത് ഭരണഘടനയുടെ 15-ാം വകുപ്പിന്റെ ലംഘനമാണ്’ – കുമാർ വ്യക്തമാക്കി.
ബഹുസ്വരതയെ കുറിച്ചും അഭിഭാഷകൻ സംസാരിച്ചു. ‘വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഏകത്വമല്ല. ബഹുത്വമാണ് വേണ്ടത്. സമൂഹത്തിലെ വൈവിധ്യത്തെ അംഗീകരിക്കുന്ന ഇടമായിരിക്കണം ക്ലാസ്മുറികൾ’ – അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ നാളെ വീണ്ടും വാദം കേൾക്കും. നാലാം ദിവസമാണ് കോടതി വിഷയം പരിഗണിച്ചത്. കേസിൽ സമയപരിധി വയ്ക്കണമെന്ന് അഭിഭാഷകർ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.