തമിഴ് ജനതയ്‌ക്ക് മോദി രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്‌റ്റാലിൻ

0
164

ചെന്നൈ: ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാന്‍ മോദി ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിന്‍. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ടാബ്ളോ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും സ്‌റ്റാലിന്‍ ചോദിച്ചു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന ഡിഎംകെ സഖ്യ സ്‌ഥാനാർഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണ വേളയിലാണ് സ്‌റ്റാലിന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. തമിഴ് ജനതയ്‌ക്ക് ദേശസ്‌നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ലെന്നും, സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുകയാണെന്ന് മോദി കരുതുന്നു. വേലുനാച്ചിയാരെയയും സുബ്രഹ്‍മണ്യ ഭാരതിയെയും മരതു സഹോദരൻമാരെയും ചിദംബരണരെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ ടാബ്ളോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

റിപ്പബ്ളിക് ദിനത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റ് ടാബ്ളോകളില്‍ നിന്നും തമിഴ്‌നാടിന്റെ ടാബ്ളോ എങ്ങനെയാണ് താഴെയാവുന്നത്. ഭാരതിയാരുടെ കവിതകള്‍ പ്രസംഗത്തില്‍ പോലും ഉദ്ധരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമയെ എന്തിനാണ് വിലക്കുന്നതെന്നും സ്‌റ്റാലിന്‍ ചോദിച്ചു. നേരത്തെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ടാബ്ളോകൾ ഒഴിവാക്കിയ കേന്ദ്ര നടപടി ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here