പ്രവാസ ലോകത്ത് നിന്നും ഏറെ നൊമ്പരപ്പെടുന്ന മരണവര്‍ത്തകളാണ് പലപ്പോഴും വാര്‍ത്തകളില്‍ എത്താറുള്ളത്. അത്തരത്തില്‍ ഏറെ വേദന നല്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി.
നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തില്‍ അന്ത്യയാത്ര ചെയ്യുന്ന ബഷീര്‍ എന്ന പ്രവാസിയെക്കുറിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് കണ്ണുകള്‍ നിറയാതെ വായിക്കാനാകില്ല.
ഇന്നലെ അഞ്ച് മരണങ്ങളായിരുന്നു. അതില്‍ മലപ്പുറം സ്വദേശി ബഷീറിക്കായുടെ മരണം നമുക്ക് ഈ ദുനിയാവില് നിന്നും മനസ്സിലാക്കുവാനുളള വലിയ പാഠം തന്നെയുണ്ട്. 30 വര്‍ഷമായി ബഷീറിക്ക ഷാര്‍ജയില്‍ ഗ്രോസറി സ്വന്തമായി നടത്തി വരികയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രോസറി ഒഴിവാക്കി നാട്ടിലേക്ക് തിരിച്ച് പോകുവാനുളള തയ്യാറെടുപ്പിലേക്ക് ഒരുങ്ങുകയായിരുന്നു. മക്കള്‍ക്കും പേരകിടാങ്ങള്ക്കുമുളള സാധനങ്ങള്‍ പാക്ക് ചെയ്ത് രാത്രി കിടക്കുവാന് നേരം പെട്ടെന്നുളള നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
എല്ലാ സുഹൃത്തുക്കളോടും ബഷീറിക്ക പറയുമായിരുന്നു. ഇനിയുളള കാലം നാട്ടിലേക്ക് പോയി ജീവിക്കണം, അവിടെ കിടന്ന് മരിക്കണം. മനുഷ്യന് ഒന്ന് ചിന്തിക്കുന്നു, പടച്ചവന് മറ്റൊന്ന് ചിന്തിക്കുന്നു. ഷാര്‍ജയിലെ കാര്‍ഗോ സെക്ഷനില്‍ ബഷീറിക്കാടെ മയ്യത്ത് കയറ്റി അയച്ചിട്ട് ഞാന്‍ ഒന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ കുറച്ച് നേരം ഞാന്‍ ബഷീറിക്കാനെ കുറിച്ച് ഓര്‍ത്ത് പോയി.
ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തില്‍ യാത്രക്കാരനായിട്ടില്ല എന്ന ഒരു വ്യത്യാസം മാത്രം, ബഷീറിക്ക യാത്രയായി, ഒരുപാട് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വെച്ചിട്ട്. ബഷീറിക്ക വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി വാങ്ങി വെച്ച സാധനങ്ങള്‍ പാക്ക് ചെയ്ത പെട്ടിയും. നിശ്ചലമായി കിടന്നുറങ്ങുന്ന ബഷീറിക്കായുടെ മയ്യത്ത് പെട്ടിയും അടുത്ത് അടുത്തായിരിക്കുമെന്ന് എന്റെ തലക്ക് മീതെ ബഷീറിക്കാടെ മയ്യത്തും വഹിച്ച് പറന്നുയരുന്ന വിമാനത്തെ കണ്ടപ്പോള്‍ എനിക്ക് തോന്നി.
ദുനിയാവ് ദൈവനിശ്ചയാടിസ്ഥാനത്തിലാണ് നീങ്ങുന്നത്, മാനുഷികമായ കഴിവുകളും നൈപുണികളും എത്രമേല്‍ കൂടെയുണ്ടെങ്കിലും ശരി, പ്രപഞ്ചത്തിലെ പ്രകൃതത്തിലൊന്നിലും സാരമായി ഇടപെടാന്‍ മനുഷ്യന് സാധ്യമല്ലെന്ന ബോധം ഉണ്ടാകണം, അതില്ലാത്തതിന്റെ തിക്താനുഭവങ്ങളാണ് ഇന്ന് നമ്മള് ദുനിയാവില് കാണുന്നത്.