കൂത്താട്ടുക്കുളം: അപരിചിതമായ സ്ഥലത്ത് പെരുവഴിയിൽ കുടുങ്ങിയ രാത്രിയിൽ ദൈവദൂതനെ പോലെ എത്തിയ യുവാവിനെ തേടി അനീഷ്. അബുദാബിയിൽ എത്തിയതിനു പിന്നാലെയാണ് തന്നെ സഹായിച്ച ആ വ്യക്തിയെ തിരഞ്ഞ് അനീഷ് എത്തിയത്.
അന്വേഷണം സോഷ്യൽമീഡിയയിൽ എത്തിയതോടെ ആ നല്ല മനസിനെ തിരിച്ചറിയുകയും ചെയ്തു. കൂത്താട്ടുകുളം കോഴിപ്ലാക്കിമലയിൽ ബിനിൽ ബെന്നിയാണ് ദൈവദൂതനെ പോലെ അനീഷിന്റെ മുൻപിൽ എത്തിയത്. ആ രാത്രി നൽകിയ സഹായത്തിന് നന്ദി പറഞ്ഞ് അനീഷ് ബിനിൽ ബെന്നിയെ വിളിച്ചു. ഇതോടെ ബിനിലും സന്തോഷവാനായി.
ബിനിൽ സഹായത്തിനായി എത്തിയതിനാൽ ജോലിക്ക് കൃത്യമായി ഹാജരാകാൻ കഴിഞ്ഞ സന്തോഷവും നന്ദിയും അനീഷ് അറിയിച്ചു. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന ബിനിൽ താത്കാലിക ഡ്രൈവറായി പോകുന്നുണ്ട്. ഒരു കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്ന് ബിനിൽ കൂട്ടിച്ചേർത്തു.
സംഭവം ഇങ്ങനെ;
അബുദാബിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് കാറിന്റെ ടയർ കേടായി അടൂർ സ്വദേശികളായ അനീഷ് പാപ്പച്ചനും അഞ്ചംഗ കുടുംബവും പെരുവഴിയിലായത്. ഡിസംബർ 30-ന് രാത്രി പത്തരയ്ക്ക് കൂത്താട്ടുകുളം മീങ്കുന്നത്ത് എം.സി. റോഡിൽ വെച്ചായിരുന്നു ഇത്. 11.30-ന് വിമാനത്താവളത്തിലെത്താനുള്ള തിടുക്കത്തിലായിരുന്നു സംഘം.
പല വാഹനങ്ങൾക്കും കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. 10.45-ന് ബിനിൽ ബെന്നി യാത്രക്കാരനെ കൂട്ടാനായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ നിന്ന സംഘത്തെയും കയറ്റി കൃത്യസമയത്തുതന്നെ വിമാനത്താവളത്തിലെത്തിച്ചു.
തിരക്കിൽ ഡ്രൈവറുടെ വിവരങ്ങൾ വാങ്ങാൻ അനീഷ് മറന്നു. പക്ഷേ, ദൈവദൂതനായി എത്തിയ നല്ല ഡ്രൈവറെ കണ്ടെത്താൻ അനീഷ് പാപ്പച്ചൻ ഫേസ്ബുക്കിൽ അഭ്യർഥന പോസ്റ്റ് ചെയ്തു. യുക്രൈനിലുള്ള മലയാളി അനീഷിന്റെ പോസ്റ്റ് ഷെയർ ചെയ്തു.അങ്ങനെ ഈ വിവരം കൂത്താട്ടുകുളത്തുമെത്തി. ബിനിലിന്റെ സുഹൃത്ത് സംഭവമറിഞ്ഞ് ഫോൺ നമ്പർ നൽകി.