കോട്ടയ്ക്കൽ: സ്‌കൂളിലേയ്ക്ക് പോകുന്ന വഴി വഴിയോരത്ത് കാണുന്ന മാവിൽ കല്ലെറിയുന്നത് ഇന്നും വിദ്യാർത്ഥികൾക്കിടയിൽ കാണുന്ന ഒന്നാണ്. പല വീട്ടുകാരും കുട്ടികളെ ഓടിച്ചു വിടുകയാണ് പതിവ്. എന്നാൽ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ച ഉമ്മർ ആവത്ത്കാട്ടിൽ.
തന്റെ വീടിനുമുന്നിൽ നിൽക്കുന്ന മാവിൽ നിന്ന് മാങ്ങ പറിക്കാൻ കുട്ടികൾക്ക് സർവ്വ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് ഉമ്മർ. മാങ്ങപറിക്കാനുള്ള അനുമതി എന്നോണം ഗേറ്റിന് മുൻപിലൊരു നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. റോഡിലേക്കുള്ള മാങ്ങ നാളത്തെ പൗരന്മാർ ആയ സ്‌കൂൾകുട്ടികൾക്കുള്ളതാണ് എന്ന് ഇതിലെഴുതിയിരിക്കുന്നു. ഗേറ്റിനടുത്തുവെച്ചിട്ടുള്ള തോട്ടി ഉപയോഗിച്ച് ദിവസവും ഒരുമാങ്ങവീതം കുട്ടികൾക്ക് എടുക്കാം.
കത്തിനൊടുവിൽ ‘എന്ന് ഉമ്മർ സാർ ആൻഡ് ഖദീജ മാഡം’ എന്ന് വീട്ടുകാരുടെ ഹൃദയപൂർവമായ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘ഞങ്ങൾ ഈ വീട്ടിൽ രണ്ടുമൂന്നുപേർ അല്ലേ ഉള്ളൂ. ഞങ്ങൾക്കെന്തിനാ ഇത്രയും മാങ്ങ. അത് കൊതിയന്മാരായ കുട്ടികൾ എടുത്തുതിന്നട്ടെ…’, ഉമ്മർ പറയുന്നു.
ഒഴിഞ്ഞിരിക്കുകയാണെങ്കിൽ ഉമ്മർതന്നെ വന്ന് ഇവർക്ക് മാങ്ങ പറിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷവും വീടിനുമുന്നിൽ ഉമ്മർ ഇതുപോലെ നോട്ടീസ് പതിച്ച് തോട്ടിവെച്ചിരുന്നു. കുട്ടികളുടെ ആവശ്യാനുസരണം മാങ്ങ പൊട്ടിച്ച് കഴിച്ചാണ് വീട്ടിലേയ്ക്ക് മടങ്ങുന്നത്.