ദില്ലി: മുഹമ്മദ് സിറാജ് (Mohammed Siraj) എന്ന യുവപേസറെ ഇന്ത്യന്‍ നിരയിലെ കരുത്തരിലൊരാളായി വളര്‍ത്തിയെടുത്ത നായകനാണ് വിരാട് കോലി (Virat Kohli). ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ (RCB) കോലിക്ക് കീഴില്‍ അടവുകള്‍ മിനുക്കിയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഇരുവരുമുണ്ടായിരുന്നു. കോലിയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജിപ്പോള്‍.
‘ആര്‍സിബിയിലെ എല്ലാ താരങ്ങളെയും വീട്ടിലേക്ക് ഡിന്നറിനായി ക്ഷണിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് നേരെ ഞാന്‍ വീട്ടിലേക്ക് പോയി. കോലിയെ വിളിച്ചപ്പോള്‍ പുറംവേദനയുണ്ടെന്നും വരാനാകില്ലെന്നും പറഞ്ഞു. വിശ്രമിച്ചോളാന്‍ ഞാന്‍ അദേഹത്തോട് പറഞ്ഞു. എന്നാല്‍ സഹതാരങ്ങളെല്ലാം വീട്ടിലെത്തിയപ്പോള്‍ കോലിയുമുണ്ടായിരുന്നു കൂടെ. കാറില്‍ നിന്നിറങ്ങവെ ഞാന്‍ നേരെ ചെന്ന് കോലിയെ ആലിംഗനം ചെയ്‌തു. വിരാട് കോലി തന്‍റെ നാട്ടിലേക്ക് വന്നതുതന്നെ വാര്‍ത്തയായി.
ഞാന്‍ ഒട്ടേറെ കഷ്‌ടപ്പാടുകള്‍ കടന്നാണ് വരുന്നത്. എന്‍റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കാണ് എനിക്കുണ്ടായിരുന്നത്. പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും. അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്താന്‍. ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാ കഷ്‌ടപ്പാടുകളും മാറിയത്.
പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളില്‍ കഴിയുന്നത് അവസാനിപ്പിച്ചു, ഞങ്ങളൊരു പുതിയ വീട് വാങ്ങി. സ്വന്തമായൊരു വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു. ഐപിഎല്‍ എനിക്ക് പ്രശസ്‌തി നേടിത്തന്നു. സാമൂഹ്യമായി ഇടപെടാനും നിരവധി പേരോട് സംസാരിക്കാനും പഠിച്ചു. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. എല്ലാം ഐപിഎല്‍ കാരണമായിരുന്നു’ എന്നും മുഹമ്മദ് സിറാജ് കൂട്ടിച്ചേര്‍ത്തു.
ഇക്കുറി നിലനിര്‍ത്തിയ താരങ്ങളായ വിരാട് കോലിക്കും മുഹമ്മദ് സിറാജിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പുറമെ ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ മെഗാതാരലേലത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു.