യുക്രെയ്നിൽ റഷ്യൻ സൈന്യം അധിനിവേശം തുടരവെ പോരാടാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തുകയാണ് യുക്രെയ്ൻ എന്ന ചെറു രാജ്യം. പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരായ പൗരൻമാർക്ക് ആയുധങ്ങൾ നൽകുമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. ഇതു പ്രകാരം 37000ലധികം ആളുകളെ പുതിയതായി സൈന്യത്തിൽ ചേർക്കുകയും ചെയ്തിരുന്നു. റഷ്യ അക്രമണം കടുപ്പിച്ചതോടെ കൂടുതൽ ആളുകൾക്ക് ആയുധം നൽകാൻ ഒരുങ്ങുകയാണ് യുക്രെയ്ൻ.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിച്ച് യുദ്ധ രംഗത്ത് ഇറക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. ചെയ്ത കുറ്റകൃത്യങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരമാണെന്നും ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾ പോരാളികളായി സേവനം ചെയ്യണമെന്നും സെലൻസ്കി പറഞ്ഞു. സൈനിക മേഖലയിൽനിന്നും ശിക്ഷിക്കപ്പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ പരിഗണന.