ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യഥാര്‍ത്ഥ ഇസ്ലാം മത വിശ്വസി അല്ലെന്ന് സുന്നി യുവ ജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്. ഇതരമതസ്ഥരുടെ ആചാരവും വേഷവും സ്വീകരിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല സന്ദര്‍ശം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
‘ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലിം ഇതര മതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്. ഹിജാബ് വിഷയത്തിൽ ഗവർണർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് അകത്ത് നിന്ന് കൊണ്ടല്ല ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍,’ ഹമീദ് ഫൈസി പറഞ്ഞു. ഹിജാബ് വിഷയത്തിലെ ഗവര്‍ണറുടെ നിലപാടിനെതിരെ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും രംഗത്ത് വന്നിരുന്നു.
ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തെ തള്ളിക്കൊണ്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നു. ദൈവം നല്‍കിയ സൗന്ദര്യം ആളുകള്‍ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തില്‍ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘പ്രവാചകന്റെ വീട്ടില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവള്‍. അവള്‍ അതീവ സുന്ദരിയായിരുന്നു. അവളുടെ ഭര്‍ത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകള്‍ കാണണം. എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകള്‍ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇതേപറ്റി താന്‍ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.