ബാംഗഌര്‍: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തിനെതിരെ ഐ ലവ് ക്യാമ്പയിനുമായി വിദ്യാര്‍ത്ഥികള്‍. നിരോധനം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ ക്യാമ്പയിനുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തു വരുന്നത്. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുമെന്ന് ഉഡുപ്പി ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈസൂര്‍ നഗരത്തിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുളളത്.
മൈസൂരിലെ ബന്നി മണ്ഡപത്തിന് സമീപം നടന്ന പ്രതിഷേധ സമരത്തിന് ശേഷം ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുത്തെന്നാണ് വിവരം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ക്യാമ്പയിനെതിരെ ഭരണകക്ഷിയായ ബിജെപി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി താലിബാനിസമെന്ന് അധിക്ഷേപിച്ച ബിജെപി ക്ലാസുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ പഠിക്കണമെങ്കില്‍ യൂണിഫോമിട്ട് വരണമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹിജാബ് വിവാദം ചര്‍ച്ചയാക്കിയതിന് പിന്നില്‍ ചിലരുടെ അജണ്ടയാണെന്നും മന്ത്രി ആരോപിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ബെലഗാവിയിലെ രാംദുര്‍ഗ് കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തിയത് വിവാദമായിരുന്നു.