കോളേജുകളില്‍ ഹിജാബ് ധരിക്കണമെന്ന് പറയുന്നവര്‍ തീവ്രവാദ മനോഭാവമുള്ളവര്‍, അവരെ ചവിട്ടിപ്പുറത്താക്കണം; വിദ്വേഷ പ്രസ്താവനയുമായി ശ്രീരാമ സേന

0
208

ഹുബ്ബള്ളി: കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ വിദ്വേഷ പ്രസ്താവനയുമായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്.

യൂണിഫോമിനെ അവഗണിച്ച് ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്നത് തീവ്രവാദ മനോഭാവമുള്ളവരാണെന്നും അവരെ ഒരു ദയയും കൂടാതെ പുറത്താക്കണമെന്നുമായിരുന്നു മുത്തലിഖ് പറഞ്ഞത്.

‘വിദ്യാര്‍ത്ഥികളെ തീവ്രവാദികളുടെ മനോനിലയിലേക്ക് നയിക്കുന്ന ചിന്താഗതികളാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഇപ്പോള്‍ ഹിജാബ് ധരിക്കണമെന്നാണ് അവര്‍ പറയുന്നത്. നാളെ ബുര്‍ഖ ധരിക്കുമെന്ന് അവര്‍ പറയും. പിന്നീട് നമാസും പള്ളിയും വേണമെന്നായിരിക്കും അവര്‍ ആവശ്യപ്പെടുക. ഇത് സ്‌കൂളാണോ അതോ അവരുടെ മതകേന്ദ്രമാണോ?,’ മുത്തലിഖ് ചോദിക്കുന്നു.

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഉണ്ടാവരുതെന്നും സര്‍ക്കാര്‍ അതിനുള്ള നടപടി സ്വീകരിക്കണമെന്നും മുത്തലിഖ് പറയുന്നു.

‘ഞാന്‍ എന്താണ് പറയുന്നതെന്നാല്‍, ഒരു ചര്‍ച്ചയ്ക്ക് പോലും ഇടം നല്‍കാതെ ഹിജാബ് ധരിക്കണമെന്ന് പറയുന്നവര്‍ക്ക് ടി.സി നല്‍കുകയും പുറത്താക്കുകയും ചെയ്യണം. ഈ മനോഭാവം ഏറെ അപകടകരമാണ്.

ഹിജാബ് ധരിക്കണമെന്നുള്ളവര്‍ സ്‌കൂളിലോ കോളേജിലേക്കോ വരേണ്ടതില്ലെന്ന് പറയാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനമെടുക്കണമെന്നും മുത്തലിഖ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും വസ്ത്രസ്വാതന്ത്യമുണ്ട്. അവരുടെ വീടുകളില്‍ അവര്‍ എന്ത് വേണമെങ്കിലും ധരിച്ചുകൊള്ളട്ടേ, പക്ഷേ സ്‌കൂളുകളിലോ കോളേജുകളിലോ അത് വേണ്ട. അവര്‍ പറയുന്ന യൂണിഫോം മാത്രം ധരിച്ചാല്‍ മതി- ശ്രീരാമ സേന നേതാവ് പറയുന്നു.

കര്‍ണാടകയിലെ കോളാറില്‍ കുട്ടികള്‍ സ്‌കൂളില്‍ വെച്ച് നമാസ് നടത്തിയെന്നാരോപിച്ചും മുത്തലിഖ് വിദ്വേഷപരാമര്‍ശം നടത്തിയിരുന്നു. ‘നിങ്ങള്‍ക്ക് ഇന്ത്യയെ പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആയി മാറ്റാനുള്ള ശ്രമമാണോ?

File:Vishwa Shriram sena.png - Wikimedia Commons

നിങ്ങളുടെ വ്യത്യസ്ത മനോഭാവം കാരണം നിങ്ങള്‍ ഹിജാബും ബുര്‍ഖയും ധരിക്കണമെന്നാവശ്യപ്പെടുന്നു, അങ്ങനെയെങ്കില്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകൂ,’ അയാള്‍ പറഞ്ഞു.

നേരത്തെ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയ കോളേജ് നടപടി കളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്ന വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാനും കളക്ടര്‍ ഉത്തരവിട്ടിരുന്നു. വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്ന് കാണിച്ചായിരുന്നു കളക്ടറുടെ നടപടി.

എന്നാല്‍, കോളേജ് അധികൃതരും ജില്ലാ ഉദ്യോഗസ്ഥരും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് പുതിയ നിയമം പുറത്തിറക്കുകയും കര്‍ശനമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളോടാവശ്യപ്പെടുകയുമായിരുന്നു.

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here