കാസർകോടിന്റെ കോവിഡ് ജീവിതത്തിന് രണ്ടുവർഷം

0
195

കാഞ്ഞങ്ങാട് : ‘സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കോവിഡ് ബാധിച്ചു. കാഞ്ഞങ്ങാട്ടുകാരനാണ് രോഗം’- ചാനലുകളിൽ ബ്രേക്കിങ് ന്യൂസ്, സാമൂഹികമാധ്യമങ്ങളിൽ ആശങ്കനിറഞ്ഞ സന്ദേശങ്ങൾ. ചിലർ ജില്ലാ ആസ്പത്രിയിലേക്ക് കുതിക്കുന്നു. ആസ്പത്രിയിലുള്ളവർ പേടിയോടെ കാര്യങ്ങൾ അന്വേഷിക്കുന്നു. ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് തുരുതുരാ ഫോൺ കോളുകൾ.

2020 ഫെബ്രുവരി മൂന്ന് ജില്ലയ്ക്ക് പ്രത്യേകിച്ച്, കാഞ്ഞങ്ങാടിന് ഒരിക്കലും മറക്കാനാവില്ല. അന്നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആ ഓർമയ്ക്ക് രണ്ടുവർഷം പൂർത്തിയാകുന്നു. ജില്ലയിൽ 1.60 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടു. 1043 പേർ മരിച്ചു. പുതിയ വൈറസ് ഒമിക്രോണും ഇവിടെയെത്തി. അനുബന്ധരോഗമായ ബ്ലാക്ക് ഫംഗസ് പിടിപ്പെട്ടവരും ജില്ലയിലുണ്ടായിരുന്നു. ജില്ലയിൽ ടാറ്റാ ആസ്പത്രി വന്നതും ഉക്കിനടുക്കയിൽ ഗവ. മെഡിക്കൽ കോളേജ് വന്നതുമെല്ലാം ഈ കാലയളവിൽ.

ചൈനയിൽ മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞങ്ങാട് മാണിക്കോത്തുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൃത്യം ഒരുമാസം പിന്നിട്ടപ്പോൾ ദുബായിൽനിന്നെത്തിയ കളനാട് സ്വദേശിക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്താംതരം പരീക്ഷയെഴുതിയ കുട്ടിക്കും രോഗം ബാധിച്ചു. അതും കാഞ്ഞങ്ങാട്ടുകാരിക്ക്. കോവിഡിനിടയിലെ പരീക്ഷയെഴുത്ത് വിജയത്തിളക്കത്തെ ബാധിക്കില്ലെന്നുകൂടി അവൾ കാണിച്ചുകൊടുത്തു. 84 വയസ്സ് പ്രായമുള്ള കാഞ്ഞങ്ങാട്ടെ മുത്തശ്ശിക്കും കോവിഡ് പിടിപെട്ടു. സംസ്ഥാനത്ത് ഏറ്റവും പ്രായമുള്ള രണ്ടാമത്തെയാൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുമായി കാസർകോട് നഗരസഭയും ചെമ്മനാട് പഞ്ചായത്തും കോവിഡ് വ്യാപനത്തിൽ പകച്ചുനിന്ന കാലം. കർണാടകയിലേക്കുള്ള വഴി കൊട്ടിയടച്ചപ്പോൾ കാസർകോട്ടുകാർ അതിർത്തിയിൽ മരിച്ചുവീണ ദയനീയകാഴ്ചയ്ക്കും കോവിഡിന്റെ ആദ്യതരംഗം സാക്ഷിയായി.

24 മണിക്കൂറിനപ്പുറത്തേക്ക് ഹർത്താൽ ജീവിതം കണ്ടിട്ടില്ലാത്തവർക്ക് മുന്നിലേക്ക് ലോക്ഡൗൺ വന്നതും രണ്ടുമാസത്തോളം വീട്ടിൽ അടച്ചിരുന്നതും കോവിഡ് കാലത്തെ അനുഭവം.

2020 മേയ് 10-ന് ആദ്യ കോവിഡ്‌മുക്ത ജില്ലയായി കാസർകോടിനെ പ്രഖ്യാപിച്ചു. പിന്നീട് വീണ്ടും കോവിഡ് കൂടിവരാൻ തുടങ്ങി. 13 ജില്ലകളിലും കോവിഡ് കൂടുമ്പോൾ ഈ ജില്ലയിൽ കുറയും. മറ്റിടങ്ങളിലെല്ലാം കുറയുമ്പോൾ ഇവിടെ കൂടും. അങ്ങനെ സംസ്ഥാന ആരോഗ്യവകുപ്പിൽതന്നെ കാസർകോട് ചർച്ചയാകുന്ന കണക്കുകൾ. കോവിഡ് ബാധിച്ച് ആദ്യം മരിച്ചത് ഉപ്പളയിലെ നബീസുമ്മ. ആംബുലൻസിന്റെ ചില്ലുവാതിലിലൂടെ നോക്കി ആ മാതാവിന് അന്ത്യാഞ്ജലിയർപ്പിക്കുന്ന മക്കളുടെ ചിത്രം നാടിന്റെ നെഞ്ചുപിളർത്തി.

തെയ്യങ്ങളും ഉത്സവങ്ങളും വിഷുവും ഈസ്റ്ററും റംസാനും അവധിക്കാലവുമെല്ലാം കോവിഡിന്റെ പിടിമുറുക്കത്തിനിടെ ആഘോഷമില്ലാതെ കടന്നുപോയ വർഷമായിരുന്നു 2020. കർഷകന് വിള വിൽക്കാനാവാത്ത സങ്കടം.

വ്യാപാരികൾക്ക് നഷ്ടക്കണക്ക്. ആളുകൾ പൊതിച്ചോറും കിറ്റും കാത്തിരുന്ന കാലം. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലവും കോവിഡ് വ്യാപിച്ചുകൊണ്ടേയിരുന്നു. മേയിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാൾ മുതൽ പിന്നെയും ലോക്ഡൗൺ.

ഈ രോഗത്തിനൊപ്പം മുന്നോട്ടുപോകുകയെന്ന വലിയ പാഠം ഉൾക്കൊണ്ട് ആളുകൾ കോവിഡിനോട് പൊരുത്തപ്പെട്ടു ജീവിക്കാനും പഠിച്ചു

875 പേർക്ക് കോവിഡ്

ബുധനാഴ്ച കോവിഡ്

പോസിറ്റീവായത് 875 പേർ.

നെഗറ്റീവായത് 938 പേർ

LEAVE A REPLY

Please enter your comment!
Please enter your name here