കാവി ഷാളിനെ എതിർത്ത് നീല ഷാൾ; ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്

0
348

കർണാടകയിലെ ഹിജാബ് വിവാദം ചൂടുപിടിക്കുന്നു. ഹിജാബ് നിരോധിച്ച നിലപാടിനെതിരെ ദളിത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. ഹിജാബിനെതിരെ കാവി ഷാളണിഞ്ഞ് പ്രതിഷേധം നടത്തിയ സംഘപരിവാർ വിദ്യാർത്ഥി സംഘടനകളെ നീല ഷാളണിഞ്ഞാണ് ഇവർ പ്രതിരോധിച്ചത്. ജയ് ഭീം മുദ്രാവാക്യവും ഇവർ മുഴക്കി. സംഭവത്തിനെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കർണാടകയിലെ ചിക്കമംഗളൂർ സർക്കാർ കോളജിലാണ് സംഭവം നടന്നത്. നീല ഷാളണിഞ്ഞെത്തിയ ദളിത് സംഘടനാ പ്രവർത്തകർ എബിവിപി പ്രവർത്തകർക്ക് മുന്നിൽ നിന്നാണ് മുദ്രാവാക്യം മുഴക്കിയത്. ഇരു സംഘങ്ങൾക്കുമിടയിൽ ചെറിയ തോതിൽ സംഘർഷമുണ്ടായെന്നും സൂചനയുണ്ട്.

കർണാടകയിൽ ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. ഹിജാബ് ധരിച്ചെത്തുന്നവർക്ക് കോളജിനുള്ളിൽ പ്രവേശിക്കാൻ വിലക്കില്ലെന്നും എന്നാൽ ഇവർക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയിൽ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയർ പിയു കോളജ് നിലപാട് എടുത്തത്. വിദ്യാർത്ഥിനികൾ കോളജ് ഗെയ്റ്റിന് മുന്നിൽ കൂട്ടം കൂടാതിരിക്കാനാണ് തങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നാണ് കോളജ് അധികൃതരുടെ വാദം.

ഹിജാബ് ഒഴിവാക്കിയാൽ മാത്രമേ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കൂ എന്നാണ് കോളജ് പ്രിൻസിപ്പാൾ ജെജി രാമകൃഷ്ണ പറയുന്നത്. എന്നാൽ ഹിജാബ് ഒഴിവാക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥിനികൾ. കർണാടക ഹൈക്കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഉഡുപ്പിയിലെ ജൂനിയർ പിയു കോളജിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചില കോളജുകൾ വിദ്യാർത്ഥികൾക്ക് അവധി നൽകുകയും ചെയ്തിരുന്നു.

അതേസമയം, ഉഡുപ്പിയിലെ കളവര വരദരാജ് എം ഷെട്ടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ച കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു. ഹിജാബ് ധരിച്ചതിനാലാണ് മടക്കി അയച്ചതെന്നും ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും വൈസ് പ്രിൻസിപ്പൽ ഉഷ ദേവി പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ഹൈക്കോടതിയിൽ നിന്ന് വിധി വരുന്നത് വരെ കോളജിൽ പ്രവേശിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിന്മേൽ കോടതി തീരുമാനം പറയുന്നതുവരെ വരെ വിദ്യാർത്ഥിനികൾ കോളജിന് പുറത്ത് തന്നെ തുടരേണ്ട അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here