കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാകും-ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പ

0
260

ബെംഗളൂരു: കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്ന് കര്‍ണാടക മന്ത്രിയും ബിജെപി  നേതാവുമായ കെ.എസ്.ഈശ്വരപ്പ. ത്രിവര്‍ണ്ണ പതാകയാണ് നിലവില്‍ ദേശീയ പതാക. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.

‘നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമചന്ദ്രന്റേയും മാരുതിയുടേയും രഥങ്ങളില്‍ കാവിക്കൊടികളുണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ്ണ പതാകയുണ്ടായിരുന്നോ?, ഇപ്പോള്‍ അതിനെ നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. ഈ രാജ്യത്ത് നിന്ന് അന്നം കഴിക്കുന്ന ഓരോ വ്യക്തിയും അതിന് ബഹുമാനം നല്‍കേണ്ടതുണ്ട്. അതില്‍ സംശയമൊന്നും ഇല്ല’ ഈശ്വരപ്പ പറഞ്ഞു.

ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഇന്ന് രാജ്യത്തിന് ഹിന്ദു വിചാരത്തിലും ഹിന്ദുത്വയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ ആളുകള്‍ ചിരിച്ചു. ഇപ്പോള്‍ അത് ഞങ്ങള്‍ നിര്‍മിക്കുന്നില്ലേ..?,അതുപോലെ തന്നെ ഭാവിയില്‍ നൂറോ ഇരുനൂറോ അല്ലെങ്കില്‍ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാം. എനിക്കറിയില്ല.

ഞങ്ങള്‍ കാവി പതാക ഉയര്‍ത്തുന്ന ആളുകളാണ്, ഇന്നല്ല ഭാവിയില്‍ ഹിന്ദു ധര്‍മ്മം ഈ നാട്ടില്‍ വരും. ആ സമയത്ത് ഞങ്ങള്‍ അത് ചെങ്കോട്ടയില്‍ ഉയര്‍ത്തും, ഇപ്പോള്‍ ത്രിവര്‍ണ്ണ പതാകയാണ് നമ്മുടെ ദേശീയ പതാക, അവിടെയുണ്ട്. ഞങ്ങള്‍ എല്ലാവരും അതിനെ ബഹുമാനിക്കുന്നു’ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കൂടിയായ ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ശിവമോഗയില്‍ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ്ണ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പ.

LEAVE A REPLY

Please enter your comment!
Please enter your name here