കാഴ്ചക്കാരനായി മുകേഷ് അംബാനി, ഇനി ഇന്ത്യയിലെ അതിസമ്പന്നൻ ഗൗതം അദാനി

0
241

മുംബൈ : അദാനി ഗ്രൂപ്പിന്റെ പടത്തലവൻ റിലയൻസിനെ പടനായകനെ പിന്നിലാക്കി മുന്നേറുന്നു. അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഗൗതം അദാനി ഒന്നാമതെത്തി. ബ്ലൂംബർഗ് അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്ത് പേരിൽ ഉൾപ്പെട്ടിരിക്കുകയാണ് ഗൗതം അദാനി.

ഗൗതം അദാനിക്കിപ്പോൾ 88.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 12 ബില്യൺ ഡോളറിന്റെ വളർച്ചയാണ് അദാനിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്.

ഇതേസമയം അംബാനിയുടെ ആസ്തി ഇടിഞ്ഞു. 2.07 ബില്യൺ ഡോളറിന്റെ കുറവാണ് കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ 11ആം സ്ഥാനത്താണ് മുകേഷ് അംബാനി.

കഴിഞ്ഞ വർഷം നവംബറിൽ മുകേഷ് അംബാനി അദാനിയേക്കാൾ മുന്നിലായിരുന്നു. 2.2 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്ക് അധികമായി ഉണ്ടായിരുന്നത്. ഒരു വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില 18.5 ശതമാനം ഉയർന്നു. അതേസമയം ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ഓഹരി മൂല്യത്തിൽ 170 ശതമാനത്തിന്റെ വർധനവുണ്ടായി.

അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് ഓഹരി മൂല്യത്തിൽ 370 ശതമാനത്തിലധികം വർധനവുണ്ടായി. അദാനി ട്രാൻസ്മിഷൻ ഓഹരിമൂല്യം 250 ശതമാനം മുന്നേറി. അദാനി വിൽമർ കമ്പനിയും ഐപിഒയിലേക്ക് കടന്നതോടെ അദാനി കമ്പനികളുടെ കുതിപ്പ് ഇനിയും തുടരും. അതിനാൽ തന്നെ അദാനിയെ ഇനി മുകേഷ് അംബാനിക്ക് മറികടക്കുക പ്രയാസമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here