കര്‍ണാടകയില്‍ ഹിജാബ് വിലക്കിയതിലെ പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക്; വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും

0
222

ന്യൂദല്‍ഹി: ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു.

വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ശിരോവസ്ത്രം ധരിച്ചത്തിയതോടെ കോളേജ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോളേജ് ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ചെത്തിയ 40ഓളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

നിയമങ്ങള്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് നിരോധനം കൊണ്ടുവന്നതെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു.

ഹിജാബ് ധരിച്ചെത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിലെ ആണ്‍കുട്ടികളും ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് രംഗത്തെത്തി.

അതേസമയം, ഹിജാബ് വിവാദത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.

ഒരു മാസമായി കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തില്‍ ആദ്യമായാണ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് പ്രതികരിക്കുന്നത്.

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

ഹിജാബ് മുസ്‌ലിം സ്ത്രീകള്‍ക്ക് മതപരമായ അനിവാര്യതയാണെന്നും ഇപ്പോള്‍ ഉഡുപ്പിയില്‍ നടക്കുന്ന വിവാദങ്ങള്‍ നാളെ ബെംഗളൂരുവിലും മംഗളൂരുവിലും സംഭവിച്ചേക്കാമെന്നും കോണ്‍ഗ്രസ് നേതാവ് യു.ടി. ഖാദര്‍ അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ ചില കോളേജുകളില്‍ ഹിജാബ് നിരോധിക്കണം എന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ കാവി ഷാളുകള്‍ അണിഞ്ഞ് കോളേജുകളില്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഹിജാബ് ക്യാമ്പസുകളില്‍ നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here