മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജി്ല്ലാ ഓഫിസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടി. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേയെന്ന് പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രശ്‌നത്തില്‍ കെ സുരേന്ദ്രന്‍ നേരിട്ടത്തി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. സുരേന്ദ്രന്‍ ഇന്ന് കാസര്‍കോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന് വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.രാവിലെ മുതലാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയത്. രാവിലെ 9.30യ്ക്ക് തുടങ്ങിയ മുദ്രാവാക്യം വിളിയും ഉപരോധവും രണ്ടര മണിക്കൂറോളം നീണ്ടു. ഇന്ന് കാസര്‍കോടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുരേന്ദ്രന്‍ എത്താതിരുന്നതാണ് പ്രതിഷേധം നടത്താന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎമ്മുമായി കൂട്ടുചേര്‍ന്നു മത്സരിച്ചുവെന്നാണ് ആക്ഷേപം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാന വഹിക്കുന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്‌കരിച്ച മുന്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, മണികണ്ഠ റൈ, പി സുരേഷ് കുമാര്‍ ഷെട്ടി എന്നീ നേതാക്കന്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
2020 ഡിസംബറിലാണ് വിവാദങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ പരാതിയുമായി നേതൃത്വത്തെ സമീപിച്ചു. ഇത്രയും കാലമായി നടപടിയെടുത്തില്ല. സൂത്രധാരന്‍മാരായ മൂന്ന് പേര്‍ക്കും പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ജില്ലാ പ്രസിഡന്റായിരുന്ന ശ്രീകാന്ത് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയാണ്, സുരേഷ് കുമാര്‍ ഉത്തരമേഖല ജനറല്‍ സെക്രട്ടറിയാണ്. മണികണ്ഠ റൈ ഇപ്പോള്‍ ജില്ലാ സെക്രട്ടറിയാണ്.
പ്രവര്‍ത്തകരുടെ വാക്ക് മാനിക്കാത്ത രീതിയാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്നും പ്രശ്‌നം പരിഹരിക്കാതെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഒരു തരത്തിലുള്ള ബിജെപി പരിപാടിയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍. നാല് ദിവസത്തിനകം വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
പി കെ ഫിറോസിന്റെ ഫേസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സി.പി.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവർത്തകർ പൂട്ടി. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എ.കെ.ജി സെന്ററിന് പൂട്ടിടാൻ ആ പാർട്ടിയിൽ ആരുമില്ലേ?