ഒട്ടാവ: ഇന്ത്യയിൽ ഹിജാബ് വിവാദം കൊഴുക്കുമ്പോൾ അങ്ങ് കാനഡയിൽ ഹിജാബ് ധരിച്ച ഒരു കൗമാരക്കാരി അപൂർവമായൊരു റെക്കാഡിന് അടുത്തെത്തിയിരിക്കുന്ന കൗതുക വാർത്ത പുറത്തുവരികയാണ്. ആദ്യത്തെ ഹിജാബി സ്‌പേസ് ടൂറിസ്‌റ്റ് എന്ന പേരാണ് ഇനിമുതൽ 19കാരിയായ സൈനബ് ആസിം എന്ന കാനഡക്കാരിക്ക് ലഭിക്കാൻ പോകുന്നത്.
പാകിസ്ഥാൻ വംശജരാണ് സൈനബിന്റെ കുടുംബം. കാനഡയിലേക്ക് കുടിയേറിയ ഇവരെല്ലാം ഇപ്പോൾ കനേഡിയൻ പൗരന്മാരാണ്. രണ്ടര ലക്ഷം ഡോളറാണ് സൈനബിന്റെ യാത്രയ്‌ക്ക് വേണ്ടി വരുന്ന തുക. ഇത് തന്റെ പതിനൊന്നാം വയസിൽ അച്ഛൻ സമ്മാനമായി നൽകിയ തുകയിൽ നിന്ന് നീക്കിവച്ചാണ് വെർജിൻ ഗലാക്‌ടിക്കിൽ സൈനബ് ബഹിരാകാശത്തേക്ക് യാത്ര പുറപ്പെടുന്നത്.
ടൊറന്റോ സർവകലാശാലയിൽ ന്യൂറോ സയൻസ് വിദ്യാർത്ഥിനിയായ സൈനബ് ദുബായ് എക്‌സ്‌പോയിൽ പങ്കെടുത്ത് അന്താരാഷ്‌ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തുകയും ചെയ്‌തു. ‘വനിതകളും പെൺകുട്ടികളും ശാസ്‌ത്രരംഗത്ത്’ എന്നതായിരുന്നു വിഷയം. എന്നാൽ ബഹിരാകാശത്ത് പോയ ആദ്യ മുസ്ളീം വനിത ഇറാൻ വംശജയായ അനുഷേ അൻസാരിയാണ്. 2006ലായിരുന്നു അത്.