അറബന മുട്ടിന്‍റെ താളത്തിൽ പരമ്പരാഗത ഭക്തിപ്പാട്ടുകളുമായി ഉള്ളാള്‍ സ്വദേശികൾ മാന്നാറിലും

0
268

മാന്നാർ: അറബന മുട്ടിന്‍റെ താളത്തിൽ വിരലുകൾ പറയിച്ചു കൊണ്ട് ഭക്തിപ്പാട്ടുകളുമായി ഉള്ളാള്‍ (Ullal) സ്വദേശികൾ മാന്നാറിലും. 54 കാരനായ മുഹമ്മദും 67 കാരനായ ബാഷയും കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമവും നേതാവതി നദിയുടെ തീരവുമായ ഉള്ളാളില്‍ നിന്നും വന്ന ഇരുവരും ബന്ധുക്കളാണ്. അന്യം നിന്നുപോകുന്ന പരമ്പരാഗത അറബനമുട്ടിൽ താളം പിടിച്ച് വിരലുകൾ പായിച്ചുകൊണ്ട് മുസ്ലിം ഭക്തിപ്പാട്ടുകളുമായാണ് ഇരുവരും മാന്നാറിലെത്തിയത്.

ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് ഭക്തിഗാനങ്ങളുമായി ഇരുവരും സഞ്ചരിക്കുന്നു. 40 വർഷമായി പുലർച്ചെ തുടരുന്ന ഈ യാത്ര ചിലപ്പോൾ രാവന്തിയോളം നീളും. പള്ളികളിലാണ് അന്തിയുറക്കം. പുലർച്ചെ വീണ്ടും യാത്ര തുടരുന്നു. ഇരുവരും പോകാത്ത ദേശങ്ങളും വീടുകളുമില്ല, കേൾക്കാത്ത ഭാഷയുമില്ല. അങ്ങനെ ഒടുവില്‍ അവരിരുവരും മാന്നാറിലും അറബന മുട്ടിന്‍റെ താളവുമായെത്തി.

സ്നേഹമുള്ളവരെയും വിദ്വേഷം പരത്തുന്നവരെയുമൊക്കെ ആ യാത്രയിൽ അവർ കണ്ടുമുട്ടി. ചിലർ തുണികൾ നൽകി. ചിലർ പണം നൽകി. ചിലർക്ക് നൽകാൻ സന്തോഷവും പുഞ്ചിരിയും മാത്രം. ചിലർ നൽകിയത് പുച്ഛവും പരിഹാസവും. അതെന്ത് തന്നെയായാലും എല്ലാം ഇരുവരും സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ, എല്ലാം ഒരേ മനസ്സോടെ സ്വീകരിക്കാനാണ് പഠിച്ചതെന്ന് ഇരുവരും പറയുന്നു. അസ്സലാമു അലൈകും പറഞ്ഞ് വീടുകളില്‍ നിന്ന് പോകാനിറങ്ങുമ്പോള്‍  അവരുടെ വിരലുകൾ അറബനമുട്ടിൽ ഒന്നുകൂടി താളത്തില്‍ ചലിച്ചു. അവരുടെ കണ്ഠങ്ങളിൽ നിന്നും ആ ശബ്ദം പിന്നെയും ഒഴുകി. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം….

LEAVE A REPLY

Please enter your comment!
Please enter your name here