ഹിജാബ്, ഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസും, കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി

0
274

ദില്ലി: കര്‍ണ്ണാടകയിലെ (Karnataka) ഹിജാബ് (Hijab) വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന്  നോക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല. ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഹര്‍ജിയില്‍ ഇടപെടേണ്ട സമയമായിട്ടില്ല. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണോയെന്ന് ആലോചിക്കണം. വലിയ തലത്തില്‍ ചര്‍ച്ചയാക്കേണ്ടതില്ല. തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടാമെന്ന് വ്യക്തമാക്കി ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ ഭരണഘടനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും, പതിന‍ഞ്ചിന് നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് സിഖ് മത വിഭഗത്തില്‍ പെട്ടവര്‍ക്കടക്കും ബുദ്ധമുട്ടുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി ഇന്നലെ പരിഗണിക്കുമ്പോഴും കോടതി സമാനമായ നിലപാടാണെടുത്തത്. വിഷയം ശബരിമല വിധി പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസും ഹിജാബ് വിവാദത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here