ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.
അതേസമയം ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വാദം കേള്‍ക്കുന്നത് നാളേയും തുടരും. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിയും വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എനന് പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.
അതേസമയം സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.