സൗദിയിൽ പുരുഷന്മാർ ഷോർട്ട്‌സ് ധരിക്കുന്നതിന് വിലക്കില്ല. പള്ളികളിലും സർക്കാർ ഓഫിസുകളിലും മാത്രമാണു ഷോർട്ട്‌സിന് വിലക്കുള്ളതെന്ന് അധികൃതർ അറിയിച്ചു.
പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്ട്‌സ് ധരിച്ചാൽ 250 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സഊദ് ബിൻ നായിഫ് പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ഇരുപതാമതായി പുതുതായി എഴുതി ചേർത്തതാണ് ഈ നിയമം.
2019 നവംബർ 2നാണ് പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടം നിലവിൽ വന്നത്. 50 മുതൽ 6000 വരെ റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ് ബാക്കിയുള്ള പത്തൊൻപതെണ്ണവും. മാന്യമല്ലാത്ത വസ്ത്രം ധരിക്കുക, മറ്റുള്ളവർക്ക് പ്രയാസമാകും വിധം സംഗീതം ഉച്ചത്തിൽ വയ്ക്കുക, സ്ത്രീകൾക്ക് മാത്രമായുള്ള സ്ഥലങ്ങളിൽ പുരുഷന്മാർ പ്രവേശിക്കുക, മറ്റുള്ളവരോട് മോശമായി സംസാരിക്കുക, അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ എഴുതുക, വരയ്ക്കുക തുടങ്ങിയവയെല്ലാം ശിക്ഷാർഹമാണ്.
പള്ളികളിൽ വാങ്കോ ഇഖാമത്തോ വിളിക്കുമ്പോൾ ഉച്ചത്തിൽ പാട്ട് വച്ചാൽ 1000 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ രണ്ടായിരമാകും. വാഹനങ്ങളിലും വീടുകളിലും മറ്റും മ്യൂസിക് വയ്ക്കുന്നതിനും ഇത് ബാധകമാണ്.