‘സുഡാപ്പി മലകയറിയത് മുസ്‌ലിം തീവ്രവാദ ക്യാമ്പിനോ?’ ബാബുവിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ പേജുകള്‍

0
379

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ അകപ്പെട്ടുപോയ ബാബുവിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ പേജുകള്‍. ചാണക്യന്യൂസ് എന്ന പേജാണ് ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്. സുഡാപ്പി മലകയറിയത് മുസ്‌ലിം തീവ്രവാദ ക്യാമ്പിനോ എന്ന തലക്കെട്ടില്‍ വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.

ചെറാട് മലയില്‍ അമ്പലമുണ്ടെന്നും, ആദിവാസികള്‍ പൂജ നടത്തുന്ന സ്ഥലമാണെന്നും ഇവിടേക്ക് ഇസ്‌ലാം മതവിശ്വാസിയായ ഒരാള്‍ എന്തിന് പോയി എന്നെല്ലാമണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ചാണക്യന്യൂസ് എന്ന പേജില്‍ വി.കെ ബൈജു എന്നയാളാണ് ഈ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. സിമിയും ഐ.എസ്.ഐ.എസുമെല്ലാം തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നത് വനാന്തരങ്ങളിലും മലകള്‍ക്ക് മുകളിലുമായിരുന്നു എന്നും ഇത്തരം ഏതെങ്കിലും ക്യാമ്പിന്റെ ഭാഗമായിട്ടാണോ ബാബു മല കയറിയത് എന്ന് ചോദിച്ചുകൊണ്ട് ചോദിച്ചാണ് വി.കെ. ബൈജു വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആരംഭിക്കുന്നത്.

ബാബു കുടുങ്ങിക്കിടന്ന മലമ്പുഴയിലെ ചെറാട് മലയില്‍ അതി പുരാതന ക്ഷേത്രമുണ്ടെന്നും അവിടേക്ക് മീശവടിച്ച് താടി വളര്‍ത്തിയ ബാബുവടക്കമുള്ള നാല് പേര്‍ എന്തിനാണ് പോയത് എന്നും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണങ്ങളില്‍ ചോദിക്കുന്നുണ്ട്. കേരളം തീവ്രവാദികളുടെ ഹബ്ബായി മാറിയെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വനാന്തരങ്ങളില്‍ തീവ്രവാദികള്‍ ക്യാമ്പ് നടത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യാചപ്രചരണം നടത്തുന്നുണ്ട്.

വാര്‍ത്താ ചാനലുകളുടെ യുട്യൂബ്, ഫേസ്ബുക്ക് ലൈവുകള്‍ക്ക് താഴെ കമന്റുകളായും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ ഐ.എസ്.ഐ.എസ് പ്രവര്‍ത്തകര്‍ ഏറ്റവുമധികമുള്ള ജില്ലകളിലൊന്നാണ് പാലക്കാട് എന്ന തരത്തിലും വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ബാബുവും സുഹൃത്തുക്കളും മല കയറിയതിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ബാബുവിന്റെ കൂടെ മലകയറിയ മറ്റുള്ളവര്‍ എന്തുകൊണ്ട് ഇപ്പോള്‍ പ്രതികരണങ്ങള്‍ നടത്തുന്നില്ല എന്നും അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു.

ബാബുവിന്റെ ജീവന്‍ രക്ഷിച്ച സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്.

അതേ സമയം മലമുകളില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ചതിന് ശേഷം ഇവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാബു സംസാരിക്കുന്നുണ്ടെന്നും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മകനെ രക്ഷിക്കാനായി എത്തിയ എല്ലാവരോടും നന്ദി പറയുകയാണെന്നും നാട്ടുകാരോടും സൈന്യത്തോടും പൊലീസിനോടും നന്ദി അറിയിക്കുകയാണെന്നും ബാബുവിന്റെ ഉമ്മ പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂറുമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും താന്‍ കടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here