വെറും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്ന് അവകാശവാദം; സെൻസോഡൈൻ പരസ്യങ്ങൾക്ക് രാജ്യത്ത് വിലക്ക്

0
244

ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ സെൻസൊഡൈന്റെ പരസ്യങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളിൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സിസിപിഎ ഡയറക്ടർ ജനറൽ ഇൻവസ്റ്റിഗേഷന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഓർഡർ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളിൽ പരസ്യങ്ങൾ പിൻവലിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകൾ പരസ്യത്തിൽ സെൻസോഡൈൻ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തൽ. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനും വ്യാപാര മര്യാദകൾ പാലിക്കാത്തതിനും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിനും സിസിപിഎ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തുന്നു എന്നതാണ് നാപ്‌ടോളിന് മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. രണ്ട് സെറ്റ് സ്വർണാഭരണം, മാഗ്നറ്റിക് നീ സപ്പോർട്ട്, ആക്വാപ്രഷർ യോഗാ സ്ലിപ്പർ എന്നീ ഉത്പന്നങ്ങൾക്കെതിരെയാണ് സിസിപിഎയുടെ കേസ്. നാപ്‌ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here