മോസ്കോ: റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം.
വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായി എന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. . പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയുംവെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും മാധ്യമസ്ഥാപനമായ ‘ദി കീവ് ഇന്‍ഡിപെന്‍ഡന്റ്’ ട്വീറ്റ് ചെയ്തു.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിർത്തികളിൽ സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ (Russia) സൈബർ ആക്രമണവും നടത്തിയിരുന്നു (Cyber Attack). പല സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയ്ക്കെതിരെയും സൈബർ ആക്രമമണം നടക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. ചില സർക്കാർ വെബ്സൈറ്റുകളും സമാന പ്രശ്നം നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് ( distributed denial-of-service / DDoS ) അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കിയതെന്നാണ് അനുമാനം.
ഒരു വെബ്സൈറ്റിന് താങ്ങാനാവുന്നതിലധികം സർവ്വീസ് റിക്വസ്റ്റുകൾ അയച്ച് അതിനെ പ്രവർത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.
ടെലഗ്രാം എന്ന റഷ്യന്‍ ആയുധം
ശരിക്കും റഷ്യയില്‍ നിന്നുള്ള ഒരു ആപ്പാണ് ടെലഗ്രാം, ശരിക്കും ടെലഗ്രാമാണ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏറ്റവും കൂടിയ നിലയില്‍ റഷ്യ ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ കീവിലേക്കുള്ള അധിനിവേശത്തിന് മുന്‍പ് തന്നെ വിവിധ ടെലഗ്രാം ചാനലുകള്‍ ഉപയോഗിച്ച് റഷ്യന്‍ ന്യായീകരണങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ഫോറിന്‍ പോളിസിയിലെ ഇത് സംബന്ധിച്ച ലേഖനം പറയുന്നത്. “Donbass Insider”,“Bellum Acta” തുടങ്ങിയ പ്രോ റഷ്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ച റഷ്യന്‍ അനുകൂല സന്ദേശങ്ങള്‍ ഇന്ന് ലോകത്ത് പ്രധാന ചര്‍ച്ചയാകുന്നു. വിവിധ ഭാഷകളില്‍ ഇതേ ടെക്സ്റ്റുകള്‍ പരക്കുന്നുണ്ട്.
എന്‍ക്രിപ്റ്റഡ് ആപ്പായ സിഗ്നലിന്‍റെ സ്ഥാപകന്‍ മോക്സി മാര്‍ലിന്‍സ്പൈക്കി ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ദീര്‍ഘമായ ഒരു ത്രെഡ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉക്രൈയിനില്‍ സര്‍വ്വസാധാരണമായ ഒരു ആപ്പാണ് ടെലഗ്രാം അത് ഇത്തരം ഒരു അധിനിവേശത്തിന് റഷ്യ ഏതെല്ലാം രീതിയില്‍ മുതലെടുത്തുവെന്നാണ് സിഗ്നല്‍ സ്ഥാപകന്‍ പറയുന്നത്. 2021 ല്‍ ടെലഗ്രാം ഏതെല്ലാം രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച് ത്രെഡും ഇദ്ദേഹം സന്ദേശത്തോടൊപ്പം നല്‍കുന്നു.
ശരിക്കും യുദ്ധം തുടങ്ങുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ ടെലഗ്രാം വഴി റഷ്യ നടത്തിയ പ്രചാരണങ്ങളെ ‘ഇന്‍ഫര്‍മേഷന്‍ തീവ്രവാദം’ എന്നാണ് വിളിച്ചത്. ഫോറിന്‍ പോളിസി പറയുന്നത് പ്രകാരം ഇത്തരം വിവരങ്ങളുടെ ഉറവിടത്തിന് മോസ്കോയിലെ റഷ്യയുടെ സൈനിക നേതൃത്വമായോ, ഭരണകൂടമായോ നേരിട്ട് ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ്. യുക്രൈന്‍ അധിനിവേശത്തിലേക്ക് കടക്കും മുന്‍പ് തന്നെ റഷ്യ യുക്രൈന്‍റെ ഡോനെഡ്സ്ക് (Donetsk), ലുഹാന്‍ഷക് (Luhansk) പ്രദേശങ്ങളെ സ്വതന്ത്ര്യ റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടുത്തെ വിഘടവാദ നേതാക്കള്‍ പോലും സംസാരിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് എന്നതാണ് നേര്. ടെലഗ്രാം റഷ്യയ്ക്ക് ഈ യുദ്ധത്തിലെ ഒരു ആയുധമാണ് എന്നത് ഇതില്‍ നിന്നും വ്യക്തം.